കാഞ്ഞിരപ്പള്ളി: നാടിന് പ്രകാശമേകാൻ ഏത് അടിയന്തര സാഹചര്യങ്ങളിലും അഹോരാത്രം സേവനം ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി.
കെ.എസ്.ഇ.ബി പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള സബ് ഡിവിഷനുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, പാമ്പാടി മുതൽ കൂട്ടിക്കൽ വരെയുള്ള വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിലെ അസി. എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മേരീക്വീൻസിലെ എമെർജൻസി ഫിസിഷ്യൻ ഡോ. നവീൻ വടക്കൻ ജീവനക്കാരുടെ സംശയങ്ങൾക്ക് ഉത്തരം നൽകി.
ഓരോ സെക്ഷനുകൾക്കും ലഭ്യമാക്കിയ മെഡിക്കൽ കിറ്റുകൾ പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ എഞ്ചിനീയർ ഡെന്നീസ് ജോസഫ് ടിയുടെ സാനിധ്യത്തിൽ അതാത് സെക്ഷനുകളിലെ അസി. എഞ്ചിനീയർമാർക്ക് മേരീക്വീൻസ് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ കൈമാറി.