പൂഞ്ഞാർ: പൂഞ്ഞാർ 108-ാം നമ്പർ എസ്എൻഡിപി ശാഖായോഗം വക മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുവിലിക്ക് വിപുലമായ ക്രമീകരണങ്ങൾ തയ്യാറായിക്കഴിഞ്ഞു.
ശ്രീനാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത ഈ ക്ഷേത്ര സങ്കേതം മധ്യകേരളത്തിലെ ഏറ്റവും തിരക്കുള്ള ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നാണ്. ബലിതർപ്പണത്തിനായി എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ദേവസ്വം വകയായി പ്രഭാതഭക്ഷണ വിതരണവും ഉണ്ട്.
പുണ്യം നിറഞ്ഞ പൂഞ്ഞാറിന്റെ തീരത്തുള്ള ഈ ബലിതർപ്പണ കേന്ദ്രത്തിൽ അന്നേദിവസം തില ഹോമവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ പിതൃ നമസ്കാര ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണവും സജ്ജമാണ് .ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ .രഞ്ജു അനന്ദഭദ്രത് അവർകളുടെ നേതൃത്വത്തിലാണ് ബലിതർപ്പണാദി ചടങ്ങുകളും തിലഹോമവും നടക്കുന്നത്.
കാൽനൂറ്റാണ്ട് പിന്നിട്ട ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിലൂടെ മഹാവിഷ്ണു ചൈതന്യവും സാന്നിധ്യവും പ്രകടമായിട്ടുള്ള ഈ ക്ഷേത്ര സങ്കേതത്തിലെ ബലിതർപ്പണാദി ചടങ്ങുകൾക്ക് പ്രാധാന്യമേറയാണ്. മേഖലയിലെ ഹൈന്ദവ വിഭാഗത്തിന്റെ പൊതു ആരാധനാലയം ആകയാൽ സമീപ്രദേശങ്ങളിൽ നിന്നെല്ലാം ബലിതർപ്പണത്തിനായി ഭക്തജനങ്ങൾ ഇവിടെയെത്തുന്നുണ്ട്.
പഴയ തലമുറയിൽ പെട്ടവരും ഹൈറേഞ്ചിലേക്കും മലബാർ മേഖലയിലേക്കും കുടിയേറിയ വരും എല്ലാം കർക്കിടകത്തിലെ ബലിതർപ്പണനാളിൽ ഇവിടെ എത്തുന്നതിനാൽ തലമുറകളുടെ ഒരു സംഗമം തന്നെ ഇവിടെ നടക്കുന്നുണ്ട്.
എസ്എൻഡിപി ശാഖാ യോഗം ഭരണസമിതിയുടെ നേതൃത്വത്തിൽ പോഷക സംഘടനകളായ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് യൂണിറ്റ് ഭാരവാഹികളുടെയും കുടുംബയൂണിറ്റ് ഭാരവാഹികളുടെയും കൂട്ടായ്മയിലൂടെയാണ് ആയിരങ്ങൾ പങ്കെടുക്കുന്ന ബലിതർപ്പെടാതെ ചടങ്ങുകൾ ഐശ്വര്യപൂർണ്ണമായി നടത്തപ്പെടുന്നത്.