ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
കൊല്ലാടിനു സമീപം പാറയ്ക്കല്‍ക്കടവില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി (36),പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭരണങ്ങാനം: കാറിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് തെറിച്ചു വീണ് റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർ ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യന്‍ (71) പരുക്ക്. പരുക്കേറ്റ ഡോ. സെബാസ്റ്റ്യനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ ഭരണങ്ങാനത്തിനു സമീപത്തു വച്ചായിരുന്നു അപകടം.