കോട്ടയം: എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പി വി അന്‍വര്‍ കോട്ടയത്ത് എത്തിയാണ് സജിയെയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്‍ഡിഎയിലെ അവഗണ പറഞ്ഞായിരുന്നു നീക്കമെങ്കിലും ബിജെപിയെ പരസ്യമായി തള്ളി പറയാന്‍ സജി മഞ്ഞക്കടമ്പില്‍ തയ്യാറായില്ല.
തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ജില്ലയിലെ ഒരു ഇടത് നേതാവ് വരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വന്നതാകട്ടെ സജി മഞ്ഞക്കടമ്പിലും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്കും. രാവിലെ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനമെടുത്തു. പിന്നാലെ അന്‍വറുമൊത്ത് സജി വാര്‍ത്തസമ്മേളനം നടത്തി. ഇത്തവണയും അവഗണന തന്നെയാണ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞ കാരണം.
ലയന സമ്മേളനം ഏപ്രില്‍ മാസത്തില്‍ നടക്കുമെന്നും തൃണമുല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായിട്ടാണ് തീരുമാനം എടുത്തതെന്ന് പറഞ്ഞ അദ്ദേഹം ആവശ്യമായ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. യുഡിഎഫ് വിട്ടപ്പോള്‍ പല മുന്നണികളും സ്വാഗതം ചെയ്തു.

ഇടത് മുന്നണിയില്‍ പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. എന്‍ഡിഎയില്‍ എടുത്തു എന്നാണ് പറഞ്ഞത്. എന്നാല്‍ ഒരു യോഗത്തില്‍ പോലും പങ്കെടുപ്പിച്ചില്ല. റബര്‍ കര്‍ഷകരുടെ വിഷയം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ എന്‍ഡിഎ തയ്യാറായില്ല. എന്‍ഡിഎ യ്ക്ക് വേണ്ടി സംസാരിച്ചിട്ടും യാതൊരു സംരക്ഷണവും ലഭിച്ചില്ല – അദ്ദേഹം വിശദമാക്കി.
മധ്യകേരളത്തിലെ പോരാട്ടം ശക്തമാക്കാന്‍ സജിയുടെയും കൂട്ടരുടേയും വരവ് ഗുണം ചെയ്യും എന്നാണ് അന്‍വര്‍ പറയുന്നത്. ഇടത് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് അന്‍വര്‍ വീണ്ടും ആവര്‍ത്തിച്ചു.