കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കാളികളായത്.
കാര്‍ഷിക മേളയുടെ സമാപന സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
കെഎസ്എസ്എസ് ഏര്‍പ്പെടുത്തിയ കാരുണ്യ ശ്രേഷ്ഠപുരസ്‌ക്കാരം കെഎസ്എസ്എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ റവ. ഫാ. അബ്രാഹം മുത്തോലത്തിനും സാമൂഹ്യ ശ്രേഷ്ഠപുരസ്‌ക്കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാറിനും സമ്മാനിച്ചു.
കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍.,
ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. ബാബു പറമ്പടത്ത്മലയില്‍, കോട്ടയം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ആശാകുമാര്‍, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമാപന ദിനത്തോടനുബന്ധിച്ച് നടന്ന കാര്‍ഷിക പ്രശ്നോത്തരിക്ക് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കി. കൂടാതെ കോക്കനട്ട് ഒളിമ്പിക്സ് മത്സരവും കലാപരിപാടികളും ‘കിടിലോല്‍ക്കിടിലം’ ഫ്യൂഷന്‍ ഡാന്‍സ് മത്സരവും കുന്നത്ത് കളരി സംഘം കല്ലറ അവതരിപ്പിച്ച ‘കടത്തനാടന്‍’ കളരിപ്പയറ്റ് പ്രദര്‍ശനവും, ശാസ്താംകോട്ട പാട്ടുപുരയുടെ നാടന്‍ പാട്ട് സന്ധ്യയും ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടന്നു.