crime

മേലുകാവ് സ്വദേശി സാജൻ സാമുവലിന്റെ മൃതദേഹം പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജനുവരി മുപ്പതാം തീയതിയാണ് മേലുകാവ് സ്വദേശി സാജനെ കാണാതായത്.

മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. എന്നിരുന്നാലും ഇത് സാജന്റെ മൃതദേഹമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നുവെന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈലര്‍ വിസമ്മതിച്ചുവെങ്കിലും പന്നിയിറച്ചി ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ സാജന്റെ മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്.

എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഞായറാഴ്ച വൈകിട്ട് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലമറ്റം സ്വദേശിയായ ഷാരോണ്‍ ബേബിയാണ് ആദ്യം പിടിയിലാകുന്നത്.

ശേഷം കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാവുകയായിരുന്നു. സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പിടിയിലായവര്‍ പറഞ്ഞു.

നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകുമെന്നും സാജന്‍ ഇവരോട് പറഞ്ഞിരുന്നു. അതിനാല്‍ സാജനെ കൊലപ്പെടുത്തി എന്നാണ് ഇപ്പോള്‍ പിടിയിലായവര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മലുള്ള വൈരാ​ഗ്യത്തിന്റെ ഭാ​ഗമാണോ കൊലപാതകമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *