pala

60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി

പാലാ : വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു.

മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സം​ഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാൽ ആഹാര രീതിയിലും ഒരു ലോ ആൻഡ് ഓർഡർ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ​ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ അംബാസിഡർമാരായി പ്രവർത്തിക്കാൻ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിയവർക്ക് സാധിക്കണം.

മധ്യകേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ വികസനത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായും കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിന്റെ സ്കോളർഷിപ്പ് പ്രഖ്യാപനം ചടങ്ങിൽ മാണി.സി.കാപ്പൻ എംഎൽഎ നിർവ്വഹിച്ചു.

ആശുപത്രി മാനേജി​ങ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, നെഫ്രോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസം​ഗിച്ചു.

സം​ഗമത്തിൽ പങ്കെടുത്തവർക്ക് വേണ്ടി ആരോ​​ഗ്യബോധവൽക്കരണ ചർച്ചയും നടന്നു. നെഫ്രോളജി വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ്, യൂറോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ആൽവിൻ ജോസ്.പി, ചീഫ് ഡയറ്റീഷ്യൻ ജിജിനു.ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *