കോട്ടയം: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു.
കാന്‍സര്‍ ചികിത്സ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും എം.പി പറഞ്ഞു. ലോക കാന്‍സര്‍ ദിന സന്ദേശമായ ക്ലോസ് ദ കെയര്‍ ഗ്യാപ്പ് എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി വീകേന്ദ്രീകൃത കാന്‍സര്‍ ചികിത്സയുടെ ഭാഗമായാണ് പാലാ ജനറല്‍ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ ഓങ്കോളജി സൗകര്യം ഒരുക്കുന്നത്.
റേഡിയേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഷയത്തില്‍ ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, പാലാ നഗരസഭ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ടെലികോബള്‍ട്ട് യൂണിറ്റ് വാങ്ങാന്‍ തുക ഡെപ്പോസിറ്റ് ചെയ്‌തെങ്കിലും മെച്ചപ്പെട്ടെ കെട്ടിട സൗകര്യമില്ലാത്തതിനാല്‍ യൂണിറ്റ് സ്ഥാപിക്കാനായില്ല. ഇത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ എം.പി ഫണ്ടില്‍ 2.45 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ ഒരൊറ്റ പ്രോജക്ടിനായി രണ്ടു കോടിയിലധികം ചെലവഴിക്കുന്നതും ആദ്യമാണ്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയില്‍ നിന്നെത്തുന്ന നിര്‍ദ്ധന രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള കാന്‍സര്‍ ചികിത്സ നല്‍കുവാന്‍ ഇതോടെ പാലാ ഹോസ്പിറ്റലിന് കഴിയും.
കൊബാള്‍ട്ട് ടെലിതെറാപ്പി യൂണിറ്റ്, റേഡിയേഷന്‍ തെറാപ്പി പ്ലാനിംഗ് റൂം, മൗള്‍ഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ കൂടാതെ റേഡിയോ തെറാപ്പി സിമുലേറ്റര്‍, ബ്രാക്കി തെറാപ്പി യൂണിറ്റ്, ബ്രാക്കി തെറാപ്പി മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ഭാവിയില്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാവും കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയെന്ന് ജോസ് കെ.മാണി പറഞ്ഞു.
ആകെ 6.18 കോടി രൂപയുടെ ധനസഹായം ലഭിച്ച ഈ പദ്ധതി കോട്ടയം ജില്ലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കായി സമഗ്രമായ കാന്‍സര്‍ പരിചരണം നല്‍കുന്നതാണ്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനര്‍ജി വിഭാഗം ആധുനിക റേഡിയേഷന്‍ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച 5 കോടി രൂപയുടെ ഗ്രാന്റ് കൂടി ലഭ്യമാകും.
മനുഷ്യരാശിക്ക് ഏറ്റവുമധികം ഭീഷണിയായി തീര്‍ന്ന രോഗങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കാന്‍സര്‍ രോഗം ഏറ്റവുമാദ്യം കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധ മാര്‍ഗ്ഗം. വിദഗദ്ധ പഠനങ്ങള്‍ അനുസരിച്ച് ഓരോ വര്‍ഷവും കേരളത്തില്‍ 35000 ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗ നിര്‍ണയം ആദ്യ ഘട്ടത്തില്‍ നടത്തിയാല്‍ വിവിധയിനം കാന്‍സറുകള്‍ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു.
സര്‍ക്കാര്‍ തലത്തില്‍ മികച്ച സൗജന്യ ചികിത്സ എന്ന കെ.എം. മാണിയുടെ സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് പാലായിലെ കാന്‍സര്‍ ചികിത്സാ കേന്ദ്രമെന്ന് ജോസ് കെ.മാണി പറഞ്ഞു. പാലായില്‍ പുതിയ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഇതോടെ മെച്ചപ്പെടും.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടത്തിനായി കോട്ടയം ജില്ലാ കളക്ടറെ ജോസ് കെ.മാണി ചുമതലപ്പെടുത്തി. റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ജില്ലാ കളക്ടറോട് ജോസ് കെ.മാണി ആവശ്യപ്പെട്ടു.