പാലാ: യുവജനങ്ങൾ സഭയുടെ ദൗത്യം പേറുന്നവരാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതാതലത്തിൽ നടത്തിയ യുവജന മഹാസംഗമം -ഏൽ റോയ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ ദൗത്യം പേറുന്നതിനൊപ്പം രാഷ്ട്രീയ അവബോധവും രാജ്യസ്‌നേഹവും ഹൃദയത്തിലുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നസ്രാണിസഭയുടെ അടയാളങ്ങൾ സംരക്ഷിക്കാനും കൈമാറാനും യുവജനങ്ങൾക്ക് കഴിയണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് എഡ്വിൻ ജോസി എന്നിവർ പ്രസംഗിച്ചു. സിനി ആർട്ടിസ്റ്റ് സിജോയ് വർഗീസ് യുവജനങ്ങളുമായി മുഖാമുഖം നടത്തി.
ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. ഡോ. ജോസഫ് കണിയോടിയിൽ എന്നിവരും സംഗമത്തിൽ സന്നിഹിതരായിരുന്നു.
പാലാ സെന്റ് തോമസ് കോളജ് മൈതാനത്തെ കൂറ്റൻ പന്തൽ നിറഞ്ഞ് കവിഞ്ഞ് പതിനായിരക്കണക്കിന് യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ഫാ. വിൻസെന്റ് മൂങ്ങാമാക്കലിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും നടത്തി.