pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക രോഗി സുരക്ഷദിനം ആചരിച്ചു

പാലാ: ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ബോധവൽക്കരണ പ്രദർശന പരിപാടിയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ലോഞ്ചിംഗും നടന്നു.

ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ പ്രദർശന പരിപാടി പൊതുജനങ്ങൾക്ക് ആരോഗ്യസുരക്ഷയുടെ പുത്തൻ അറിവുകൾ പകരുന്നതായി മാറി.

രോഗിസുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്ന ആപ്തവാക്യവുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആശുപത്രി സുരക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, മരുന്നുകളുടെ കൈകാര്യംചെയ്യൽ, ലബോറട്ടറി വിഭാഗം, എൻജിനീയറിംഗ് വിഭാഗം , ശുചിത്വ പരിപാലനം, ഉപകരണങ്ങളുടെ അണുവിമുക്തമാക്കൽ, പീഡിയാട്രിക്സ് ,ആയുർവേദം തുടങ്ങി 16 സ്റ്റാളുകളിലായാണ് പ്രദർശനം അരങ്ങേറിയത്. ഫ്ലാഷ് മൊബും നടന്നു.

പൊതുസമ്മേളനം ഉദ്ഘാടനവും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ലോഞ്ചിംഗും ഐ.എം.എ പാലാ യൂണിറ്റ് പ്രസിഡന്റ് ഡോ.ശബരിനാഥ് സി. ദാമോദരൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന രീതിയിൽ ലോക രോഗി സുരക്ഷ ദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ട് മാർ സ്ലീവാ മെഡിസിറ്റി നടത്തിയ ബോധവൽക്കരണ പരിപാടി മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു .രോഗിപരിചരണത്തിലും സുരക്ഷയിലും ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങളെന്നു അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ആശുപത്രി സേഫ്റ്റി സീനിയർ മാനേജർ കെ.ആർ ഷാജിമോൻ, ഓപ്പറേഷൻസ് സീനിയർ മാനേജർ അനൂപ് ചാക്കോ എന്നിവർ പ്രസംഗിച്ചു. ഓപ്പറേഷൻസ് മാനേജർ ജിജു മാത്യൂസ് റാപ്പിഡ് റെസ്പോൺസ് ടീം ആമുഖ പ്രസംഗം നടത്തി. മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *