pala

മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പാലാ രൂപത: മാസ് പിന്തുണയുമായി പൊതുസമൂഹം; രണ്ടാംഘട്ട പരിപാടികൾക്ക് 17 ന് പാലാ അരമനയില്‍ തുടക്കമാകും

പാലാ: മനുഷ്യജീവനുകളെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശ നിലപാടുകളുമായി പാലാ രൂപതയും, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതാതിര്‍ത്തിക്കുള്ളിലെ ഒരു കുഞ്ഞുപോലും ലഹരിക്കടിമപ്പെടരുതെന്ന ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് പാലാ രൂപതയിലെ ഊര്‍ജ്ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണം.

‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസില്‍ തിങ്കളാഴ്ച്ച (17.03.2025) രാവിലെ 9 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് ആദ്യദിനം പാലാ മുനിസിപ്പല്‍ ഏരിയായില്‍ ‘ഡോര്‍ ടു ഡോര്‍’ പ്രചരണ പരിപാടി നടക്കും. 26 വാര്‍ഡുകളിലെയും ഇടവഴികളും മുക്കുംമൂലയും വിടാതെ പ്രചരണ പരിപാടികള്‍ കടന്നുപോകും.

പാലാ ളാലം പള്ളി ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളുടെയും പി.ടി.എ. പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെയും സുപ്രധാന സമ്മേളനത്തില്‍ ലഭിച്ച സ്വീകാര്യതയും തുടര്‍ന്ന് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ച വ്യാപക പിന്തുണയുമാണ് ലഹരി വിനാശത്തിനെതിരെ ഊര്‍ജ്ജിത നീക്കത്തിന് രൂപതയെ പ്രേരിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ 9 ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വികാരി ജനറാള്‍മാര്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വൈദികര്‍, സിസ്റ്റേഴ്‌സ്, അല്‍മായര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തിലെ പ്രത്യേകം ക്ഷണിതാക്കളാണ്.

മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സാബു എബ്രഹാം, ജോസ് കവിയില്‍, ആന്റണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിക്കും.

പൊതുജനാഭിപ്രായ സ്വരൂപണം, ജാഗ്രതാ സദസ്സുകള്‍, ‘ഡോര്‍ ടു ഡോര്‍’ ബോധവല്‍ക്കരണം, കോളനികള്‍, ടാക്‌സി-ഓട്ടോ-ബസ് സ്റ്റാന്റുകള്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറായി വരുന്നത്.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് നടക്കുന്ന സമ്മേളനത്തില്‍ കേരള ഗവര്‍ണ്ണറെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കുന്നവിധമാണ് പരിപാടികള്‍ ക്രമീകരിച്ചുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *