pala

തിന്‍മയെ ആസ്വദിക്കുന്ന പൊതുസമൂഹമായി മാറി കേരളം: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തിന്‍മയെ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നാടായി മാറി നമ്മുടെ പൊതുസമൂഹമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ് സമ്മേളന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്.

തിന്‍മകളുടെ പ്രചരണത്തിന് സിനിമയും ചില പ്രചരണ മാധ്യമങ്ങളും മുന്‍ഗണന കൊടുക്കുമ്പോള്‍ അത് നമ്മുടെ തലമുറ നന്‍മയാണെന്ന് കരുതി സ്വീകരിക്കുമ്പോള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്. തിന്‍മകള്‍ക്ക് നമ്മുടെ പ്രചരണ മാധ്യമങ്ങള്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കരുത്.

ലഹരി വിപത്തിനെതിരെ കണ്ണടയ്ക്കരുത്. ഒറ്റക്കെട്ടായി ജനസമൂഹവും ജനപ്രതിനിധികളും കൂട്ടായി യത്‌നിക്കേണ്ട കാലഘട്ടമാണിതെന്നും ബിഷപ് സൂചിപ്പിച്ചു.

ബാലാവകാശ കമ്മീഷന്റെ ചെയര്‍മാനായിരിക്കുന്നവര്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും അധ്യാപന പരിചയം ഉള്ളവര്‍ ആയിരുന്നാലേ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളെക്കുറിച്ച് മനസ്സിലാക്കാനാകൂ.

കുട്ടികളുടെ ബാഗ് പരിശോധന പാടില്ല, ക്ലാസ് റൂമുകളില്‍ ക്യാമറ പാടില്ല തുടങ്ങിയ ചില നിയമങ്ങളെങ്കിലും തന്നെ കുട്ടികള്‍ക്ക് തെറ്റുകളെ സംരക്ഷിക്കുവാന്‍ കാരണമാകുന്നുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍മാര്‍ വിലയിരുത്തി.

കോവിഡ് മഹാമാരി വന്നപ്പോള്‍ കൊറോണ ബാധിച്ചവന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള റൂട്ട് മാപ്പ് വരെ കണ്ടെത്താന്‍ കാണിച്ച വ്യഗ്രത മാരക രാസലഹരിയുടെ കണ്ടെത്തലിന് ഉപയോഗിച്ചാല്‍ ലഹരിക്ക് തടയിടാന്‍ കഴിയുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് അടിയന്തിര പ്രാധാന്യത്തോടെ സമ്മേളനം വിളിച്ച് ചേര്‍ത്തത്. ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നത്

സംസ്ഥാന ജനറല്‍ സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിളയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.സി. ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ., രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍,

രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, ജോസ് പുത്തന്‍കാലാ, പി.എം. മാത്യു, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, സാബു എബ്രാഹം, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *