general

ആരും ഉപദ്രവിച്ചിട്ടില്ല; പറഞ്ഞതെല്ലാം കള്ളം’: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി.

സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്.

ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ് ഇതെല്ലാമെന്നും പ്രതികരിച്ചു.

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങൾ രാഹുലേട്ടന്റെ തലയിൽ വച്ചുകൊടുത്തു.

കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിൾ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. ആരും തന്നെ സപ്പോര്‍ട്ട് ചെയ്തില്ല. ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല.

അന്ന് തന്നെ ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്. താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു.

കല്യാണത്തിന് മുൻപ് ഡിവോഴ്സ് കിട്ടുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. ആ ഘട്ടത്തിൽ വിവാഹം മാറ്റിവെക്കാൻ രാഹുലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ താനാണ് വിവാഹവുമായി മുന്നോട്ട് പോകാൻ നിര്‍ബന്ധിച്ചത് താനാണ്. അച്ഛനോടും അമ്മയോടും ഇക്കാര്യം പറയാൻ അന്ന് രാഹുലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞാൽ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഭയന്ന് താനന്ന് പറഞ്ഞില്ല.

മെയ് അഞ്ചിനായിരുന്നു വിവാഹം നടന്നത്. കല്യാണത്തിൻ്റെ ഒരു ഘട്ടത്തിലും സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീല് പറഞ്ഞിട്ടാണ് 150 പവൻ സ്വര്‍ണത്തിന്റെയും കാറിന്റെയും കാര്യം പറഞ്ഞത്. കല്യാണത്തിന്റെ ചെലവ് മിക്കതും രാഹുലേട്ടനാണ് നടത്തിയത്. തന്റെ എല്ലാ വസ്ത്രങ്ങളും രാഹുലേട്ടനാണ് വാങ്ങിത്തന്നത്.

രാഹുലേട്ടൻ എന്നെ തല്ലിയത് ശരിയാണ്. അന്ന് തര്‍ക്കമുണ്ടായിരുന്നു. അതിന്റെ പേരിലാണ് തല്ലിയത്. രണ്ട് തവണ തല്ലി. അന്ന് ഞാൻ കരഞ്ഞ് ബാത്ത്‌റൂമിൽ പോയി. അവിടെ വച്ച് വീണു. തലയിടിച്ച് വീണാണ് മുഴ വന്നത്. അന്ന് തന്നെ ആശുപത്രിയിൽ പോയി. കാര്യങ്ങളെല്ലാം ആശുപത്രിയിൽ ഡോക്ടറോട് സംസാരിച്ചു. മാട്രിമോണിയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട ഒരാളുമായി സംസാരിച്ചതാണ് തര്‍ക്കത്തിന് കാരണം. തെറ്റ് തന്റെ ഭാഗത്ത് തന്നെയാണ്. തന്നെ രണ്ട് അടി അടിച്ചത് ശരിയാണ്. എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണെന്നും യുവതി പറയുന്നു.

അടി നടന്നതിന്റെ അടുത്ത ദിവസമാണ് അടുക്കള കാണൽ ചടങ്ങിന് തന്റെ വീട്ടിൽ നിന്ന് 26 പേര്‍ വന്നത്. അപ്പോഴേക്കും തങ്ങൾ പ്രശ്നങ്ങൾ പറഞ്ഞുതീര്‍ത്തിരുന്നു. മുഖത്ത് അടിയേറ്റ പാട് കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി.

വീട്ടുകാര്‍ തുടരെ ചോദിച്ചപ്പോൾ അടിച്ചെന്ന് പറഞ്ഞു. അന്ന് തന്നെ വീട്ടുകാര്‍ തന്നെ കൂട്ടിക്കൊണ്ടുപോയി. ബലംപ്രയോഗിച്ചാണ് കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിൽ പോയി വീട്ടുകാര്‍ പരാതി നൽകി. പൊലീസുകാരനോട് രാഹുലേട്ടന്റെ കൂടെ തിരികെ പോകണം എന്നാണ് പറഞ്ഞതെന്നും യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *