വെള്ളികുളം:വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം – ആവണി 2025 വ്യത്യസ്തവും പുതുമ നിറഞ്ഞതുമായി മാറി. കുതിര സവാരിയും കഴുത സവാരിയും വള്ളംകളിയും ഏർപ്പെടുത്തിയാണ് ഈ വർഷത്തെ വെള്ളികുളത്തെ ഓണാഘോഷം കളറാക്കി മാറ്റിയത്.
ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകൾ ഓണാഘോഷ പരിപാടികളെ ആവേശത്തോടെയാണ് വരവേറ്റത്. ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷ പരിപാടികളും മത്സരങ്ങളും ആണ് ഈ പ്രാവശ്യം വെള്ളികുളത്ത് നടത്തപ്പെട്ടത്. കുതിരസവാരിയും കഴുത സവാരിയും ഓണാഘോഷത്തിനു മോടി കൂട്ടി. വികാരി ഫാ.സ്കറിയ വേകത്താനം ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ പ്രായ വിഭാഗങ്ങളിലായി മിഠായി പെറുക്ക്, തവള ചാട്ടം, ഓട്ട മത്സരം ,സൂചിയിൽ നൂൽ കോർക്കൽ, നാരങ്ങാ സ്പൂൺ ഓട്ടം, ചാക്കിലോട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, കസേരകളി തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. ആവേശം നിറഞ്ഞ പുരുഷന്മാരുടെ വടംവലി മത്സരത്തിൽ അടുക്കം കൗരവർ ടീം ഒന്നാം സ്ഥാനവും പെരിങ്ങുളം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ ഇഞ്ചപ്പാറ ടീം വെള്ളികുളം ടീം യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.ആവേശം നിറഞ്ഞ വോളിബോൾ ടൂർണ്ണമെൻ്റിൽ പാമ്പനാർ ഒന്നാം സ്ഥാനവും വാഗമൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ക്രിക്കറ്റ് മത്സരത്തിൽ വെള്ളികുളം തീക്കോയി ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫുട്ബോൾ ടൂർണമെന്റിൽ തീക്കോയി ഒന്നാം സ്ഥാനവും വെള്ളികുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഷട്ടിൽ ടൂർണമെൻറ് മത്സരത്തിൽ അഖിൽ സോമൻ , എബിൻ ഷാജി ടീം ഒന്നാം സ്ഥാനം നേടി.കാരംസ് ടൂർണമെന്റിൽ സച്ചു പട്ടേട്ട്, ഡിറ്റോ ജോണി വാണിയപുരക്കൽ, അമൽ ഇഞ്ചയിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരങ്ങൾക്ക് ശേഷം ഓണപ്പായസം വിതരണം ചെയ്തു.
സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി. മത്സര വിജയികൾക്ക് ഫാ.സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു. ആനന്ദ് ചാലാശ്ശേരിൽ, അലൻ കണിയാംകണ്ടത്തിൽ, അമൽ ബാബു ഇഞ്ചയിൽ, ജയ്സൺ വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, ജെസ്സി ഇഞ്ചയിൽ, സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.