സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ. എസ്എഫ്ഐഒക്ക് മൊഴി നൽകി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിധം മൊഴി നൽകിയിട്ടില്ല. താനോ എക്‌സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുവെന്നും വീണ വിജയൻ കുറിപ്പിലൂടെ വ്യക്തമാക്കി.