കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് കേരളാ ഗവൺമെന്റിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അനുഭവവേദ്യമായ പഠനം എന്നിവയ്ക്കൊപ്പം നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന് കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലായി പിഎം ശ്രീ മാറുമെന്നും എക്സ് പോസ്റ്റിൽ പറയുന്നു.
നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാർത്ഥികളെ ശോഭനമായ ഭാവിക്കായി സജ്ജരാക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ നമ്മൾ ഒന്നിച്ച് പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറിപ്പിൽ പങ്കുവെച്ചു.





