രാമപുരം: “സിന്തറ്റിക് ബയോളജിയിലെ കാലിക വളർച്ച: ധാർമികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തെ ആസ്പമാക്കി രാമപുരം മാർ ആഗസ്തീനൊസ് കോളേജിൽ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 4,5 തീയതികളിൽ റവ ഡോ കെ എം മാത്യു കോയിപ്പളളി എസ് ജെ മെമ്മോറിയൽ നാഷണൽ സെമിനാർ നടത്തപ്പെടുന്നു.
ജൂലൈ 4 നു കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സി ടി അരവിന്ദകുമാർ സെമിനാർ ഉല്ഘാടനം ചെയ്യും.കോളജ് മാനേജർ റവ ഫാ ബർക്‌മാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും.എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ .ജയചന്ദ്രൻ സർടിഫിക്കറ്റുകൾ വിതരണം നടത്തും.
ജീവകോശങ്ങളിൽ പുതിയ ജൈവ ഭാഗങ്ങൾ, ഉപകരണങ്ങൾ,ജൈവ സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ജീവശാസ്ത്രത്തിന്റെയും എഞ്ചിനീയറിംഗിന്റെയും തത്വങ്ങൾ സംയോജിപ്പിക്കുന്ന, വളർന്നുവരുന്ന മേഖലയായ സിന്തറ്റിക് ബയോളജി ഉയർത്തുന്ന ഗണ്യമായ ദൈവശാസ്ത്രപരവും ധാർമ്മികവുമായ ചോദ്യങ്ങൾ ചർച്ചാ വിഷയമാകും.
കഴിഞ്ഞ ഇരുപത് വർഷങ്ങളിലധികമായി ജനിതകശാസ്ത്രത്തിലെയും ജൈവ സാങ്കേതികവിദ്യയിലെയും നിരവധി സംഭവവികാസങ്ങൾ ധാർമ്മിക വിവാദങ്ങൾ, അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നിക്കുകൾ,ജീനോം മോഡിഫിക്കേഷൻ, ക്ലോണിംഗ്, ജനിതക പരിശോധന, സ്റ്റെം സെൽ ഗവേഷണം തുടങ്ങിയ രീതികളെ എതിർക്കുന്ന കാരണങ്ങൾ വിവിധ കാഴ്ചപ്പാടുകളിൽ വിശകലനം ചെയ്യുക എന്നതാണ് സെമിനാർ ലക്ഷ്യമിടുന്നത്.
റവ ഡോ ജോബ് കോഴാംതടം എസ് ജെ,ഡോ അഞ്ജു ടി ആർ,ഡോ ഇ കെ രാധാകൃഷ്ണൻ,ഡോ. സ്കറിയ കന്യാകോണിൽ, റവ ഡോ ഇഗ്നാസി മുത്തു എസ് ജെ എന്നിവർ സെമിനാറുകൾ നയിക്കും.
പ്രിൻസിപ്പാൾ ഡോ ജോയി ജേക്കബ്ബ്,കൺവീനർ ഡോ സജേഷ് കുമാർ, ഐ ക്യു എ സി കോഡിനേറ്റർ കിഷോർ,വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകും.