കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്. (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ).
ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ 32 ജലാശയങ്ങൾ ഏപ്രിൽ 19 വരെയുള്ള കാലയളവിൽ തൊഴിലുറപ്പുതൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിക്കും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിജയപുരം കരിപ്പാൽ തോട്ടിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കോട്ടയം വി. വിഗ്നേശ്വരി നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, സ്വീപ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ, ഇലക്ഷൻ ലിറ്ററസി ക്ലബ് കോ ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ് എന്നിവർ നേതൃത്വം നൽകി.
തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പിക്കുന്നതിനായി സ്വീപിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.