പൂഞ്ഞാർ: കോട്ടയം ജില്ലയിൽ മികച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടുള്ള പുരസ്കാരം പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിന്. അറുപത് സ്കൂളുകളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സ്കൂളിന് ഈ നേട്ടം ലഭിച്ചത്.
കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ കോട്ടയം എ.എസ്.പി.യും എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറുമായ സതീഷ്കുമാർ, മുൻ ജില്ലാ നോഡൽ ഓഫീസർ സി. ജോൺ, എ.ഡി.എൻ.ഒ. ജയകുമാർ ഡി. എന്നിവർ ചേർന്ന് പുരസ്കാരം സ്കൂൾ അധികൃതർക്ക് കൈമാറി.
ക്രിസലിസ് എന്ന പേരിൽ സ്കൂളിലെ എസ്.പി.സി. പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ പ്രധാന പ്രൊജക്ടും അതിൻ്റെ ഭാഗമായ ഉപ പ്രോജക്ടുകളുമാണ് സ്കൂളിന് അവാർഡ് നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. മീനച്ചിൽ നദീസംരക്ഷണ സമിതിയുമായും ഭൂമികയുമായും സഹകരിച്ച് നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു.
വീടുകളിൽ മഴമാപിനി സ്ഥാപിച്ച് അളവുകൾ രേഖപ്പെടുത്തുവാനും മീനച്ചിലാറിൻ്റെ പൂഞ്ഞാർ തെക്കേക്കര റിവർ ഗേജ് വരച്ച് ജലനിരപ്പ് രേഖപ്പെടുത്തി അറിയിപ്പുകൾ നൽകാനും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ മുൻനിരയിൽ ഉണ്ട്.
പൂഞ്ഞാർ തെക്കേക്കരയിൽ മഴ-പുഴ-താപ അളവുകൾ ശാസ്ത്രീയമായി നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന എം.ആർ.ആർ.എം. റഫറൻസ് സെൻ്ററിൻ്റെ നടത്തിപ്പും സെൻ്റ് ആൻ്റണീസിലെ കുട്ടിപ്പോലീസാണ് നിർവ്വഹിക്കുന്നത്. സ്റ്റുഡൻ്റ് ഹണി പ്രോഗ്രാമിലും പങ്കാളിയായ എസ്.പി.സി ടീമിന് കഴിഞ്ഞ വർഷത്തെ ബെസ്റ്റ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അവാർഡും ലഭിച്ചിരുന്നു.
സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ., പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, പി.റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള, എസ്.പി.സി. ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന എബ്രാഹം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.