പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ പ്രകൃതി ദുരന്തം മനുഷ്യ നിർമ്മിതം’ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായ പ്രകൃതിയുടെ വ്യതിയാനങ്ങളോടൊപ്പം മനുഷ്യന്റെ ഇടപെടലും ദുരന്തങ്ങൾക്ക് കാരണമാകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ ജോബി റ്റി. റ്റി. മോഡറേറ്റർ ആയിരുന്നു. വിഷയത്തെ അനുകൂലിച്ച് മാർട്ടിൻ എസ്. അരീക്കാട്ട്, ആൻ മേരി വിൽസൺ, ജിസ്ന സിന്റോ എന്നിവരും പ്രതികൂലിച്ച് ദിയ എസ്. പാലമറ്റം, ഐറിൻ റിജോ, വിയാനി ബിനോയി എന്നിവരും സംസാരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രെസ് വിദ്യ കെ. എസ്., ജോജിമോൻ ജോസ് വട്ടപ്പലം, സോളി തോമസ്, അലീന ആന്റണി, ജിസ്ന തോമസ് എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ് നടത്തിയ ‘വോൾ ഓഫ് ഫ്രണ്ട്ഷിപ്പ്’ മത്സരത്തിലെ വിജയിക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.