കോട്ടയം: മുതിർന്ന പൗരന്മാരോടുള്ള പീഡനങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിന്റെ കർത്തവ്യമാണെന്ന സന്ദേശം നൽകുന്നതിനുമായി വയോജനങ്ങൾക്കെതിരേയുള്ള അധിക്ഷേപ വിരുദ്ധ ബോധവൽക്കരണ ദിനം സാമൂഹിക നീതി വകുപ്പ് ആചരിച്ചു.
ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സി.എം.എസ്. കോളജ് ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ദിനാചരണ സന്ദേശം നൽകി.
പാലാ ആർ.ഡി.ഒയും മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറുമായ കെ.പി. ദീപ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഹനപ്രചാരണ ജാഥയുടെ ഫ്ളാഗ്് ഓഫ് സംസ്ഥാന വയോജന കൺസിൽ അംഗം തോമസ് പോത്തൻ നിർവഹിച്ചു.
സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സോണി ജോസഫ്, സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ ജോജി ജോസഫ, ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, സീനിയർ സൂപ്രണണ്ട് എൻ.പി. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനശേഷം തിരുനക്കര ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സി.എം.എസ്. കോളജിലെ വിദ്യാർഥികൾ ഫ്ളാഷ് മോബ് അടക്കമുള്ള കലാപരിപാടികൾ നടത്തി. വയോജന സംരക്ഷണ നിയമം, വയോജന സംരക്ഷണപദ്ധതികൾ എന്നിവ സംബന്ധിച്ച ലഘുലേഖ വിതരണവും നിർവഹിച്ചു.