പാലാ : രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ,രാമപുരം,പൂഞ്ഞാർ ഖണ്ഡ് കളുടെ ആഭിമുഖ്യത്തിൽ അഖണ്ഡ ഭാരത ദിനം ‘ ശംഖൊലി 2025 ‘ വിദ്യാർത്ഥി സംഗമം കൊല്ലപ്പളി അന്തിനാട് ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പാലാ രൂപത DFC,KLM,കെയർ ഹോംസ് ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം അധ്യക്ഷത വഹിച്ച വിദ്യാർത്ഥി സംഗമത്തിൽ മീനച്ചിൽ ഖണ്ഡ് പ്രചാർ പ്രമുഖ് മഹേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ ജിഗി മാഷ് മുഖ്യ പ്രഭാഷണം നടത്തി.
ഭാരതത്തിന്റെ അധ്യാത്മിക പൈതൃകം സ്വതന്ത്ര സമര സേനാനികളിലൂടെ നുകരാൻ കഴിഞ്ഞ തലമുറയാണ് അഭിനവ ഭാരതത്തെ വാർത്തെടുത്തതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഫാദർ ജോർജ് പറഞ്ഞു. വളർന്നു വരുന്ന യുവതലമുറയോട് രാജ്യ സ്നേഹത്തിലൂന്നിയ സ്വതന്ത്രമായ കാഴ്ചപ്പാട് വെച്ചുപുലർത്തണമെന്നും ആരുടെ മുൻപിലും അടിയറവു വെക്കാത്ത ആത്മവീര്യമുള്ള ഭാരതാംബയുടെ പുത്രന്മാരായി മാറണമെന്നും ഫാദർ കൂട്ടിച്ചേർത്തു.
നല്ല ശീലങ്ങൾ വാർത്തെടുക്കുന്ന രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്ന വൈഭവം കാഴ്ചവെക്കാൻ കഴിയുന്നവരായി മാറണമെന്നും അതിന് സംഘടനയും സാങ്കേതികതയും നല്ല രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം പറഞ്ഞു.
രാജ്യം ലോകത്തിനു നൽകിയ മഹത്തായ സന്ദേശമാണ് മാതൃത്വം എന്ന് മുഖ്യ പ്രഭാഷകൻ ജിഗി മാഷ് പറഞ്ഞു. പിറന്നു വീണ രാഷ്ട്രത്തെയും സമുദ്രത്തെയും നദികളെയും ഗോവിനെയും മാതാവായി കണ്ട് ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുന്ന സംസ്‌കൃതിയാണ് നമ്മുടേതെന്നും ആധുനിക സാങ്കേതിക വിദ്യ എത്ര പരിണമിച്ചാലും അതിനോട് യുവതലമുറ എത്ര ഇഴുകി ചേർന്നാലും മഹത്തരമായ ഭാരത സംസ്‌കൃതി സംരക്ഷിക്കണമെന്നും ജിഗി മാഷ് അഭിപ്രായപ്പെട്ടു.
ജില്ലാ വിദ്യാർത്ഥി പ്രമുഖ് വിഎസ് ശ്രീജേഷ്, സാമാജിക സമരസത ജില്ല സംയോജക് മനോജ് സോമൻ തുടങ്ങിയവർ സംസാരിച്ചു.