രാമപുരം: ഇന്ന് സമൂഹത്തിലെ മാരക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി എന്ന കൊടും വിഷത്തിനെ നേരിടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് രാമപുരം SHLP സ്കൂളിലെ കുരുന്നുകൾ.
കഴിഞ്ഞവർഷം ജാഗ്രത എന്ന പേരിൽ ലഹരിക്കെതിരെ ഷോർട്ട് ഫിലിം ചെയ്ത് ശ്രദ്ധ നേടിയ സ്കൂൾ ആണ് SHLP.നിരവധി പുരസ്കാരങ്ങൾ നേടിയ ജാഗ്രത ക്ക് ശേഷം കരുതൽ എന്ന പേരിൽ വ്യത്യസ്തമായ മ്യൂസിക്കൽ ആൽബവുമായി ആണ് ഇത്തവണ കുട്ടിപ്പട്ടാളത്തിന്റെ പോരാട്ടം. വർദ്ധിച്ചുവരുന്ന മയക്കുമരുന്നുകളിൽ യുവതലമുറ വീണുപോകുന്ന ഈ കാലത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ശ്രമകരമായ പരിശ്രമം ശ്രദ്ധേയമാണ്.
പ്രശസ്ത പിന്നണിഗായകനും പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ജിൻസ് ഗോപിനാഥ് ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. അധ്യാപിക കൂടിയായ അനില പി നായർ എഴുതിയ വരികൾ സ്കൂളിലെ കുട്ടികളായ ഗയന ജിൻസ്, ഐറിൻ അന്ന സിജോ,ആലിസ് സ്റ്റീഫൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
സ്കൂൾ എച്ച് എം സിസ്റ്റർ ലിസ മാത്യുസിൻ്റെ നേതൃത്വത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ആൽബത്തിൽ സ്കൂളിലെ കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്.
പിടിഎ പ്രസിഡൻറ് ദീപു സുരേന്ദ്രൻ, എം പി ടി എ പ്രസിഡൻറ് ഡോണ ജോളി ജേക്കബ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ , ടീച്ചേഴ്സ് എന്നിവരുടെ പിന്തുണ കുട്ടികൾക്ക് ഊർജ്ജം പകർന്നു.
പിടിഎ അംഗമായ ഹരീഷ് ആർ കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് മനു പ്രസാദ്. വീഡിയോയുടെ പ്രകാശനം സ്കൂൾ മാനേജർ ഫാദർ ബർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു.
SHLP സ്കൂളിൻ്റെ യൂട്യൂബ് ചാനലിൽ കരുതൽ എന്ന ഈ വീഡിയോ ആൽബം ലഭ്യമാണ്. ലഹരി കാർന്നുതിന്നുന്ന പുതുതലമുറയുടെ കണ്ണ് തുറപ്പിക്കുവാൻ ഈ കുട്ടി പട്ടാളത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കാം.





