അരുവിത്തുറ: കംബ്യൂട്ടിങ്ങ് മേഖലയിലെ നിർണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു.
പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡിന്റുമോൻ ജോയ്, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ തത്വങ്ങൾ, നിലവിലെ ട്രെൻഡുകൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.
ക്യൂബിറ്റുകൾ, ക്വാണ്ടം അൽഗോരിതങ്ങൾ, ക്വാണ്ടം സുപ്രീമസി തുടങ്ങിയ തുടങ്ങിയ നൂതന ആശയങ്ങൾ കംബ്യൂട്ടിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളിലും ശാസ്ത്ര ഗവേഷണങ്ങളിലും ക്വാണ്ടം കമ്പ്യൂട്ടിംഗിനുള്ള സാധ്യതകളെക്കുറിച്ചും ഇന്ത്യയുടെ ദേശീയ ക്വാണ്ടം മിഷൻ രാജ്യത്തെ ബഹുദൂരംമുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്വാണ്ടം സാങ്കേതികവിദ്യകളിലും ആപ്ലിക്കേഷനുകളിലും ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും, നൂതന കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനും, ഈ രംഗത്ത് ഇന്ത്യയെ ഒരു ആഗോള ശക്തിയായി മാറ്റാനും ലക്ഷ്യമിടുന്നതാണ് എൻക്യുഎം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ ക്യാമ്പസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സ്റ്റുഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
കോളേജ് കോഴ്‌സ് കോർഡിനേറ്ററും ബർസാറുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. ജെസ്റ്റിൻ ജോയ്, അസോസിയേഷൻ ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. സൗമ്യ ജോർജ്, വിദ്യാർത്ഥി പ്രതിനിധി ആൻജോ ജോയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.