പ്രവിത്താനം: സമീപ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കൾ എവിടെ പഠിക്കുന്നു എന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്തുകൊണ്ട് അൺഎയ്ഡഡ് സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന അധ്യാപകരുടെ കണക്കെടുക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുത്തിടെ വ്യക്തമാക്കിയിരുന്നു .
ഈ സാഹചര്യത്തിൽ അധ്യാപനജോലി ചെയ്യുന്ന സ്കൂളിൽത്തന്നെ സ്വന്തം മക്കളെ ചേർത്തു പഠിപ്പിക്കുന്ന പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെയും, സെന്റ് അഗസ്റ്റിൻസ് എൽ. പി. സ്കൂളിലെയും ഒരു കൂട്ടം അധ്യാപകർ പൊതുസമൂഹത്തിന് മികച്ച മാതൃകയാവുകയാണ് .
പ്രഥമാധ്യാപകൻ അജി വി. ജെ., അധ്യാപകരായ ജോജിമോൻ ജോസ്, റെജി സക്കറിയ, ജിനു ജെ. വല്ലനാട്ട്, സോളി തോമസ്, ബ്ലെസ്സി തോമസ്, രെഞ്ജു മരിയ തോമസ് , ജൂലി തോമസ്, സിജിമോൾ ജോർജ്,നിഷ ജീതു എന്നീ അധ്യാപകർ വർഷങ്ങളായി സ്വന്തം മക്കളോടൊപ്പമാണ് സ്കൂളിലെത്തുന്നത്.
“സ്വന്തം മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനല്ലേ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് . പഠിപ്പിക്കുന്ന സ്കൂളിൽത്തന്നെ സ്വന്തം മക്കളെ ചേർക്കുന്നതുവഴി ഞങ്ങൾ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്” , ഹെഡ്മാസ്റ്റർ അജി വി. ജെ. യുടെ വാക്കുകളാണിത്.

എൽകെജി മുതൽ പ്ലസ് ടു വരെ ഒരൊറ്റ ക്യാമ്പസിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്ന സെൻ്റ് മൈക്കിൾസ്, സെന്റ് അഗസ്റ്റിൻസ് സ്കൂളുകൾ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളി മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ സ്കൂളുകളുടെ പുരോഗതിയിൽ നിർണായക പങ്കു വഹിക്കുന്നു.വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്കൂളുകൾ ഇതിനോടകം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
പിന്നിട്ട ദശകങ്ങളിൽ നിരവധി കലാ-കായിക താരങ്ങളെയും, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നവരെയും സൃഷ്ടിച്ച ഈ സ്കൂളുകൾ ഇന്ന് വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു.
വിശാലമായ മൈതാനങ്ങളും, ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് മുതൽക്കൂട്ടാവുന്ന മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി വൻ മുന്നേറ്റത്തിന്റെ പാതയിലാണ് ഇരു സ്കൂളുകളും.
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന വിജയവുമായി ഒരു ശതാബ്തത്തിൽ അധികമായി നാടിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ അക്ഷരമുത്തശ്ശികൾ പുതുതലമുറക്കായി അറിവിൻ്റെ വാതായനങ്ങൾ തുറന്നു സ്വാഗതമരുളുന്നു ; ഇവിടുത്തെ അധ്യാപകരിലൂടെയും ഒപ്പം , അവരുടെ മക്കളിലൂടെയും.