പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ വാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയമാകുന്നു.
ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ മാസാവസാനം വീഡിയോ വാർത്തയായി തയ്യാറാക്കി അവതരിപ്പിക്കുകയാണ് ക്ലബ് അംഗങ്ങൾ ചെയ്യുന്നത്. ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ ഭാഗമായി പഠിച്ച സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് കുട്ടികൾ വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്.
ക്ലാസ് റൂമിൽ അഭ്യസിച്ച അറിവുകൾ പ്രാവർത്തികമാക്കിയപ്പോൾ അത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി.സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അപ്‌ലോഡ് ചെയ്ത വാർത്താ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കുട്ടികൾ തയ്യാറാക്കിയ ഈ വർഷത്തെ ആദ്യത്തെ വാർത്താ വീഡിയോ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ. പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്. എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.