kottayam

ജനസംഖ്യാ വർദ്ധനവ്‌ പരിധികടക്കുന്നത് തടയപ്പെടണം: ഫ്രാൻസിസ് ജോർജ് എംപി

കോട്ടയം: യുവജനങ്ങൾ കൂടുതൽ ഉള്ളത് രാജ്യത്തിനു ഗുണകരമാണെങ്കിലും ജനസംഖ്യാ വർദ്ധനവ്‌ പരിധികടക്കുന്നത് തടയപ്പെടണം എന്ന് അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.

വിഭവങ്ങളുടെ ഉപഭോഗത്തിലും, പുനരുപയോഗത്തിലും, മാലിന്യങ്ങളുടെ അളവുകുറക്കുന്നതിലും ശ്രദ്ധയൂന്നിക്കൊണ്ടു മാത്രമേ വർധിച്ച ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നമുക്ക് സാധിക്കൂ.

പ്രകൃതി വിഭവങ്ങൾ അനാവശ്യമായി ചൂഷണം ചെയ്യുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതുമായ വികസന മാതൃകകളും ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല ലോക ആരോഗ്യ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി.എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി.

ഒരു കുടുംബത്തിൽ കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്നും എത്രവേണമെന്നും കുടുംബം തീരുമാനിക്കണമെന്നും, വിവാഹ ശേഷമായാലും അത് ആകസ്മികമായി സംഭവിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ ഗർഭധാരണം തടയാൻ ധാരാളം മാർഗങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏറ്റവും പുതുതായി സർക്കാർ പുറത്തിറക്കിയ ‘അന്തര’ എന്ന മൂന്നു മാസത്തിലൊരിക്കൽ സ്വീകരിക്കാവുന്ന കുത്തിവയ്‌പ്പ്, ആഴ്ചയിലൊരിക്കൽ കഴിക്കാവുന്ന ‘ഛായ’ എന്ന ഗുളിക എന്നിവ ആരോഗ്യകേന്ദ്രങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവ വഴി ലഭ്യമാണെന്നും പറഞ്ഞു.

യോഗത്തിൽ മാർ അഗസ്തിനോസ് കോളേജ് മാനേജർ ഫാ. ബെർക്ക്മാൻസ് കുന്നപ്പുറം, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ രാമചന്ദ്രൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.ജി.സുരേഷ്, ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി.എൻ സുകുമാരൻ ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ജില്ലാ പബ്ലിക് ഹെൽത്ത് നേഴ്സ് നാൻസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *