പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ ബുദ്ധി വികാസത്തിനും കലാഭിരുചി വളർത്തിയെടുക്കുന്നതിനു വേണ്ടി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ശലഭം 2025 പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഐ.സി.ഡി.എസ് സൂപ്പർവൈസർ മെർലിൻ ബേബിയുടെ അധ്യക്ഷതയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു.
വികസന കാര്യാസ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ മഞ്ഞപ്ലാക്കൽ, പഞ്ചായത്ത് അംഗങ്ങളായ റെജി ഷാജി, നിഷ സാനു, മേരി തോമസ്, കമ്മ്യുണിറ്റി ഫെലിസിറ്റേറ്റർ അർച്ചനാ ഗിരീശൻ, അങ്കണവാടി ടീച്ചർ സുജാത കെ.ബി, സജിത്ത് മാത്യു പടികര എന്നിവർ സംസാരിച്ചു.
പരിമിതികളെ മറികടന്ന് തങ്ങളുടെ കഴിവുകൾക്ക് അതിരുകൾ ഇല്ലെന്ന് തെളിയിച്ച് വിവിധ കലാ മത്സരങ്ങൾ നടന്നു. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷികാരുടെ സർഗ്ഗശേഷി വളർത്തുന്നതിനും മുഖ്യധാരയിലേക്ക് എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. മത്സരാത്ഥികളുടെ മാതാപിതാക്കളും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ടീച്ചർമാറും നാട്ടുകാരും ചേർന്ന് ശലഭം 2025 വർണ്ണാഭമാക്കി.