pala

ഞാനൊരു ചരിത്രകാരനാണ്, രാഷ്ട്രീയക്കാരനല്ല: വില്യം ഡാൽറിംപിൾ

പാലാ: ഇന്ത്യൻ ആശയങ്ങൾ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി പരിണമിച്ചതും എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരൻ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണെരുതെന്നും പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്ചർ സീരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യക്തമാക്കി.

ഇന്ത്യയിൽ നിന്ന് ഭൗതികവസ്തുക്കളല്ല തത്ത്വചിന്തയാണ് കയറ്റുമതി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാസ്തവത്തിൽ ഇന്ത്യൻ ആശയങ്ങളുടെ ഒരു പാക്കേജ് തന്നെ ലോകമെങ്ങും വ്യാപിക്കുകയുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതിനു കാരണം പ്രയോഗക്ഷമതയുള്ളവയാണ് അവയെന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റോമൻ അക്കങ്ങൾ ഉപയോഗിക്കുന്നതിനുമുമ്പു തന്നെ പൂജ്യം ഉൾപ്പെടെയുള്ള ഇന്ത്യൻ അക്കങ്ങൾ ലോകമെങ്ങും ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കാലാവസ്ഥ എങ്ങനെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ അറിയിച്ച ചരിത്രകാരനാണ് വില്യം ഡാൽറിംപിളെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് പറഞ്ഞു. വിവിധ വിജ്ഞാന ശാഖകളുടെ സംഗമമാണ് ഡാൽറിംപിളിന്റെ പ്രതിഭയുടെ മേന്മയെന്ന് കോളേജ് ബർസാർ റവ.ഫാ. ആലപ്പാട്ടു മേടയിൽ അഭിപ്രായപ്പെട്ടു.

പ്രാചീന ഇന്ത്യയിലെ ആശയങ്ങൾ ലോകത്തെ പരിവർത്തിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ശ്രോതാക്കളുമായി സംവാദവും നടത്തുകയുണ്ടായി. കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ കെ തോമസ് കാപ്പിലിപ്പറസിൽ നന്ദി പറഞ്ഞു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി.സി ബുക്സും ഉന്നത ഭാരത് അഭിയാനുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി ചരിത്രകാരന്മാർ പങ്കെടുക്കുകയുണ്ടായി. ഡോ. രതീഷ് എം. പ്രൊഫ. ഡോ. തോമസ് സ്കറിയ, ആശിഷ് ജോസഫ്, ഡോ. ലിബിൻ കുര്യാക്കോസ്, ശില്പ മാത്യു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *