pala

പാലാ നഗരസഭയെ ഇനി 21കാരി ദിയ പുളിക്കക്കണ്ടം നയിക്കും

പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്.

പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്.

യുഡിഎഫുമായി തിരഞ്ഞെടുപ്പു സമയത്തുണ്ടാക്കിയ ധാരണ പ്രകാരമാണ് പിന്തുണ. പുളിക്കക്കണ്ടത്തിന്റെ മൂന്ന് പേരും കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ഒരാളുടേതടക്കം നാലു സ്വതന്ത്രരുടെ പിന്തുണയും ലഭിച്ചതോടെയാണ് യുഡിഎഫിന് ഭരണം തിരിച്ചുപിടിക്കാനായത്. ഇതോടെ 40 വർഷത്തോളം നിലനിന്ന പാലായിലെ കേരളാ കോൺഗ്രസ് എമ്മിന്റെ കുത്തകയാണ് അവസാനിച്ചത്.

കേരളാ കോൺഗ്രസ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ഇടത് പക്ഷവുമായി ധാരണയുണ്ടാക്കുന്നത്. ഇതേതുടർന്ന്, എൽഡിഎഫ് പാലായിൽ അധികാരം പിടിച്ചെങ്കിലും മുന്നണി ധാരണ പ്രകാരം സിപിഐഎം അംഗമായിരുന്ന ബിനു പുളിക്കകണ്ടത്തെ ചെയർമാനാക്കാനുള്ള ആവശ്യം അവഗണിച്ചു.

പിന്നീട്, ബിനു നഗരസഭാ യോഗത്തിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചതും സഭയ്ക്കുള്ളിൽ കൈയ്യേറ്റവും മറ്റും ഉണ്ടാവുകയും ചെയ്തു. ഇതോടെ, ബിനുവിനെ സിപിഐഎം പുറത്താക്കി. ഇതിന് പിന്നാലെയാണ് ബിനു പുളക്കക്കണ്ടവും സഹോദരനും മകളും സ്വതന്ത്രരായി മത്സരിക്കാനെത്തുന്നത്.

ബിനു കേരളാ കോൺഗ്രസ് എമ്മിനെതിരെ രംഗത്തുവന്നതോടെ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താതെ പിന്തുണ നൽകി. 13, 14, 15 വാർഡുകളിലായാണ് ബിനുവും സഹോദരനും മകളും മത്സരിക്കാനെത്തിയത്. ഫലം വന്നപ്പോൾ മൂന്നുപേരും വിജയിച്ചു. എൽഡിഎഫിനും യുഡിഎഫിനും ഭരിക്കണമെങ്കിൽ പുളിക്കകണ്ടം വീട്ടുകാരുടെ പിന്തുണ അനിവാര്യമായി മാറി.

ഇതോടെയാണ് ദിയയെ നഗരസഭാ അധ്യക്ഷയാക്കണമെന്ന നിർദേശം ബിനു മുന്നോട്ടുവെക്കുന്നത്. മൂന്നു ദിനങ്ങളിലായി എൽഡിഎഫ് നേതാക്കളും യുഡിഎഫ് നേതാക്കളും പുളിക്കക്കണ്ടം കൗൺസിലർമാരുമായി മാരത്തോൺ ചർച്ചകൾ നടത്തി.

ഒടുവിൽ ബിനു തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്തുണ അറിയിച്ചതോടെ ദിയയെ നഗരസഭാ അധ്യക്ഷയായി യുഡിഎഫ് പ്രഖ്യാപനം വന്നു. കോൺഗ്രസ് വിമതയായി വിജയിച്ച മായാ രാഹുലിനെ ഉപാധ്യക്ഷയായും പ്രഖ്യാപിച്ചു. ഇരുവരും ഇന്ന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാലാ നഗരസഭയുടെ ഭരണം രണ്ട് സ്ത്രീകളുടെ കൈകളിലേക്ക് വഴിമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *