പാലാ: പാലാ ജനറൽ ആശുപത്രിയുടെ വികസനത്തിന് 3 കോടി രൂപയും മാലിന്യ നിർമാർജന വികേന്ദ്രീകൃത സംവിധാനത്തിന് 7 ലക്ഷം രൂപയും ഉൾപ്പെടെ മാറ്റിവച്ച് നഗരസഭയ്ക്ക് 2.83 കോടിയുടെ മിച്ച ബജറ്റ്. 56,97,11,412 രൂപ വരവും 54,13,21,912 രൂപ ചെലവും 2,83,89,500 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അവതരിപ്പിച്ചു.
പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. പിന്നീട് ഉപാധ്യക്ഷ ബിജി ജോജോ ബജറ്റ് വായിച്ചു.നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഒഴിവാക്കുന്നതിനായി ഒരു വീട്ടിൽ 3 തുണിസഞ്ചികൾ എന്ന ക്രമത്തിൽ വിതരണം ചെയ്യും. ഇതിനായി 7 ലക്ഷം രൂപ വകയിരുത്തി.
ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ പദ്ധതികൾക്കും കേന്ദ്ര പദ്ധതിയായ അമൃത് 2.0 നിർവഹണം പദ്ധതിക്കും തുടക്കം കുറിച്ചു. ഏറ്റവും നൂതനമായ ഡിജിറ്റൽ എക്സ്റേ മെഷീൻ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. ഇതിനായി 1.83 കോടി രൂപ നീക്കിവച്ചു.
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 21 ലക്ഷം രൂപയും വയോജന സംരക്ഷണത്തിനായി 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും.

ജനറൽ ആശുപത്രിയിൽ ഐസിയു സംവിധാനം ഒരുക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി 20 ലക്ഷം രൂപ മാറ്റിവച്ചു. ആശുപത്രി റോഡിന്റെ ഇരുവശവും ഓടയും സ്ലാബും സ്ഥാപിച്ച് രണ്ടു വരി ഗതാഗതം ഒരുക്കുന്നതിനായി 20 ലക്ഷം രൂപ നഗരസഭ നൽകും.
മരിയസദനവുമായി സഹകരിച്ചു നടത്തുന്ന യാചക പുനരധിവാസ കേന്ദ്രത്തിനു 10 ലക്ഷം രൂപ നീക്കിവച്ചു. ലൈഫ് ഭവന പദ്ധതിക്കായി 40 ലക്ഷം രൂപയും പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി. നെല്ലിത്താനം, ജനത, പരമലക്കുന്ന് സെറ്റിൽമെന്റുകൾക്കായി 10 ലക്ഷം രൂപ അനുവദിച്ചു.
ഇഎംഎസ് കളിസ്ഥലം എന്ന പേരിൽ മിനി സറ്റേഡിയം നിർമിക്കുന്നതിനായി 10 ലക്ഷം വകയിരുത്തി. ഓപ്പൺ ജിം നിർമാണം പൂർത്തിയാക്കി സൗജന്യമായി പൊതുജനങ്ങൾക്ക് നൽകും. അങ്കണവാടികളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി 30 ലക്ഷം രൂപ വകയിരുത്തി.
ഹോമിയോ ആശുപത്രിയുടെ പ്രവർത്തനത്തിനായി 15 ലക്ഷം രൂപ മാറ്റിവച്ചു. കിടത്തിച്ചികിത്സയ്ക്ക് എൻഎഎമ്മിന്റെ സഹകരണത്തോടെ ഒരു കോടി രൂപയുടെ കെട്ടിടനിർമാണം ഉടൻ പൂർത്തിയാക്കും. ആയുർവേദ ആശുപത്രിയുടെ പ്രവർത്തനത്തിനായി 20 ലക്ഷം രൂപ നീക്കിവച്ചു. നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളുടെ പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 30 ലക്ഷം രൂപ വകയിരുത്തി. നഗരസഭയിലെ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണത്തിനുമായി 2.45 കോടി രൂപ അനുവദിച്ചു. പുതിയ എംസിഎഫ്, ആർആർഎഫ്, സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മീനച്ചിലാർ ശുചീകരണം, ബയോഗ്യാസ് പ്ലാന്റ്, ഡബിൾ ചേംബർ ഇൻസിനറേറ്റർ, ജീ-ബിൻ എന്നിവയ്ക്കായി 4 കോടി രൂപ നീക്കിവച്ചു.
നഗരസഭാ ഓഫിസ് പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും ഓഫിസ് നവീകരണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചു. അമിനിറ്റി സെന്റർ നഗരസഭ ഏറ്റെടുക്കും. ഇതിന്റെ നവീകരണത്തിനായി 5 ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് 18 ലക്ഷം രൂപ നീക്കിവച്ചു.
ജനറൽ ആശുപത്രിയുടെ വെൽനസ് സെന്ററുകൾ അരുണാപുരത്തും പരമലക്കുന്നിലും ആരംഭിക്കും. ഇതിനായി 70 ലക്ഷം രൂപ അനുവദിച്ചു. നഗരസഭയിലും ജനറൽ ആശുപത്രിയിലും സോളർ സിസ്റ്റം സ്ഥാപിക്കുന്നതിനായി 70 ലക്ഷം രൂപ നീക്കിവച്ചു.