പാലാ: വികസിത രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള വേദനരഹിത സാധാരണപ്രസവം ഇനിമുതൽ സാധാരണക്കാർക്കും സാധ്യമാകുന്നു. കോട്ടയം ജില്ലയിലെ ഏതാനും സ്വകാര്യ ആശുപത്രികളിൽമാത്രം ലഭ്യമായ ഈ സൗകര്യം ഇനിമുതൽ സർക്കാർ തലത്തിൽ സൗജന്യമായി കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ കൂടി ലഭ്യമാകുന്നു. ഇതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം.
വേദനരഹിതമായി പ്രസവിക്കുന്നതിന് എൻ്റോനോക്സ് (ENTONOX) വാതകം ഉപയോഗിക്കുന്നു. ഇത് തികച്ചും അപകടരഹിതമാണ്. പ്രസവസമയം ഗർഭിണിയുടെ കൂടെ ഒരാൾക്ക് നിൽക്കുവാനുള്ള സാഹചര്യവും ഒരുക്കുന്നു.
24 മണിക്കൂറും ഗൈനക്കോളജിസ്റ്റിൻ്റെ സേവനവും, പ്രസവാനന്തര സേവനങ്ങളും ഇവിടെ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നു. മാതൃകാപരമായ ഗവൺമെൻ്റിന്റെ വിവിധ പദ്ധതികളായ മാതൃയാനം, മുസ്‌കാൻ, ലക്ഷ്യ, ശലഭം എന്നീ നിരവധി പദ്ധതികളും ഗുണപ്രദമായ രീതിയിൽ പാലാ ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിവരുന്നു.
രോഗികൾക്ക് വീട്ടിലിരുന്ന് ഇ ഹെൽത്ത് വഴി ഡോക്ടർമാരെ കാണാനും, ബുക്ക് ചെയ്യാനുമുള്ള സംവിധാനമടക്കം നിരവധി മാറ്റങ്ങൾവരുത്തി. കഴിഞ്ഞവർഷത്തെ ‘കായകൽപ്’ അവാർഡിൽ കോട്ടയം ജില്ലയിലെ ഗവ : ജനറൽ ആശുപത്രികളിൽ ഒന്നാം സ്ഥാനം നേടാനും പാലാ കെ.എം. മാണി സ്മാരക ഗവ ജനറൽ ആശുപത്രിക്ക് സാധിച്ചിരുന്നു.
സത്രീകളുടെയും, കുട്ടികളുടെയും പ്രത്യേക ചികിത്സാവിഭാഗമടക്കം നിരവധിപ്രവർത്തനങ്ങളുമായി പാലാ ഗവ : ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷിൻ്റെ നേതൃത്വത്തിൽ ഇനിയും മുന്നോട്ട് കുതിക്കുവാൻ ഒരുങ്ങുകയാണ് പാലാ കെ.എം. മാണി സ്മാരക ഗവ : ജനറൽ ആശുപത്രി.