മാരക ലഹരിവസ്തുക്കള്‍ പൊതുസമൂഹത്തെ ഏറെ ഭീതിയിലാഴ്ത്തുകയാണെന്ന് പാലാ രൂപതാ ചാന്‍സിലര്‍ ഫാ. ജോസ് കുറ്റിയാങ്കല്‍. രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ടെമ്പറന്‍സ് കമ്മീഷന് കൗണ്‍സില്‍ ഹാളില്‍ നടത്തിയ ലഹരി വിരുദ്ധ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. കുറ്റിയാങ്കല്‍.
മുമ്പ് വിവിധ ഇനങ്ങളിലുള്ള മദ്യം ആയിരുന്നു ഭീഷണിയെങ്കില്‍ ഇന്ന് മനുഷ്യനെ ദിവസങ്ങള്‍കൊണ്ട് ഇല്ലായ്മ ചെയ്യുന്ന മാരക രാസലഹരികളും ഭീഷണിയായി അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മാനസിക നില തകരാറിലാക്കി അവനെ കൊടുംകുറ്റവാളിയാക്കി മാറ്റുകയാണ് ലഹരി.
മയക്കുവസ്തുക്കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും നിര്‍ബാധം നമ്മുടെ കുട്ടികളിലേക്ക് പോലും എത്തിച്ചേരുന്നത് ഭയാനകമാണ്. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഷാജി കച്ചിമറ്റം എന്നിവര്‍ അനുബന്ധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
ആന്റണി മാത്യു, അലക്സ് കെ. എമ്മാനുവേല്‍, ജോസ് കവിയില്‍, റ്റിന്റു അലക്സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.