പാലാ: ഓര്‍മ്മ ഇന്‍റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍) ടാലന്‍റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്‍റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലെ 12,13 തീയതികളില്‍ പാലായിലെ സെന്‍റ് തോമസ് കോളേജ് ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു.
ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468 വിദ്യാര്‍ത്ഥികളിൽ നിന്ന് പ്രാഥമികഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ് ഗ്രാന്‍ഡ് ഫിനാലേയില്‍ പങ്കെടുക്കുന്നത്. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മൽസരം. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവും ലഭിക്കും. ആകെ പത്ത് ലക്ഷം രൂപ വിജയികൾക്കായി സമ്മാനിക്കും.
12 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് മത്സരാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും മത്സരത്തിന്‍റെ ആദ്യ ഭാഗങ്ങളും നടക്കും. ജൂലൈ 13 ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് രാജന്‍, മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, സിനിമാതാരം മിയ എന്നിവർ അതിഥികളാകും.
അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസാണ് ഓര്‍മ്മ ഇന്‍റര്‍നാഷണല്‍ ടാലന്‍റ് പ്രൊമോഷന്‍ ഫോറം ചെയർമാൻ. മറ്റ് ഭാരവാഹികൾ: ജോര്‍ജ് നടവയല്‍ (പ്രസിഡന്‍റ്), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍), ഷാജി അഗസ്റ്റിന്‍ (ജനറല്‍ സെക്രട്ടറി), റോഷിന്‍ പ്‌ളാമൂട്ടില്‍ (ട്രഷറര്‍), വിന്‍സെന്റ് ഇമ്മാനുവേല്‍ (പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് ചെയര്‍), കുര്യാക്കോസ് മണിവയലില്‍ (കേരള ചാപ്റ്റര്‍ പ്രസിഡന്‍റ്), അറ്റോണി ജോസഫ് കുന്നേല്‍,
അലക്സ് കുരുവിള, ഡോ. ആനന്ദ് ഹരിദാസ്, ഷൈന്‍ ജോണ്‍സണ്‍, മാത്യു അലക്‌സാണ്ടര്‍ (ഡയറക്റ്റർമാർ) എബി ജെ ജോസ് (സെക്രട്ടറി) സജി സെബാസ്റ്റ്യന്‍ (ഫിനാന്‍ഷ്യല്‍ ഓഫീസര്‍) എമിലിന്‍ റോസ് തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിൽ വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 2 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ എന്നിവർ പറഞ്ഞു.