kottayam

നിലവിലെ സാഹചര്യത്തിൽ കോളജുകളെ പൂർണമായി അഫിലിയേഷൻ മുക്തമാക്കാനാകില്ല: മന്ത്രി ആർ. ബിന്ദു

കോട്ടയം: കോളജുകളെ പൂർണമായും അഫിലിയേഷൻ മുക്തമാക്കണമെന്ന ആവശ്യം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കാനാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതിവകുപ്പു മന്ത്രി ആർ. ബിന്ദു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിച്ച ഏകദിനസെമിനാറിന് സമാപനം കുറിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോളവൽക്കരണത്തിന്റെ കാലത്ത് സമ്പന്നർക്കുവേണ്ടിമാത്രമായി വിദ്യാഭ്യാസ സംവിധാനങ്ങൾ മാറുമ്പോൾ പാവപ്പെട്ടവരെയും അരികുവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാതെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ കാലത്തിനനുസരിച്ച് പൊളിച്ചെഴുതാനാവില്ല.

കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) കണ്ണടച്ച് പിന്തുടരുകയാണെന്നുള്ള വിമർശനങ്ങൾ ശരിയല്ല. പരിപൂർണമായി എൻ.ഇ.പി. പിന്തുടരുക കരണീയമല്ല. രാജ്യാന്തരതലത്തിൽ പ്രയോജനപ്പെടുംവിധമാണ് നാലുവർഷ ബിരുദപരിപാടികൾ സംസ്ഥാനത്തു നടപ്പാക്കിയത്.

ജനകേന്ദ്രീകൃതമായ ബദൽ വിദ്യാഭ്യാസനയം രൂപീകരിക്കാനാണ് കേരളം ശ്രമിക്കുന്നത്. പാവപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ഈ നയം ലോകത്തിനും ഇതരസംസ്ഥാനങ്ങൾക്കും മാതൃകയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്,
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. എം.വി. നാരാണയൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രഫ. ജിജു പി.അലക്‌സ്, ഡിജിറ്റൽ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. സജി ഗോപിനാഥ്, മുംബൈ ഐഐടിയിലെ എമരിറ്റസ് പ്രഫസർ പ്രഫ. എൻ. വി. വർഗിസ്, എൻഐഐഎസ്ടി മുൻ ഡയറക്ടർ പ്രഫ. സുരേഷ് ദാസ്, കൊച്ചി സർവകലാശാലാ മുൻ വൈസ് ചാൻസലർമാരായ പ്രഫ. കെ. മധുസൂദനൻ, പ്രഫ. പി.ജി. ശങ്കരൻ, ട്രസ്റ്റ് റിസർച്ച് പാർക്ക് സിഇഒ പ്രഫ. എം.എസ്. രാജശ്രീ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ- മെംബർ സെക്രട്ടറി പ്രഫ. രാജൻ വർഗീസ്, എം.ജി. സർവകലാശാല രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *