pala

വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: നടപടിക്കു പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു മുഖ്യമന്ത്രിയുടെ നിർദ്ദേശം

പാലാ: നെയ്യാറ്റിൻകരയിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള കൊടിമരത്തിൽ കയറ്റി വിട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി നടപടിയ്ക്ക് നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവ വേദിയായ നെയ്യാറ്റിൻകര ഗവൺമെൻ്റ് ബോയ്സ് സ്കൂളിൽ കലോത്സവ പതാക കെട്ടാനുള്ള കയർ കോർക്കുന്നതിനായി വിദ്യാർത്ഥിയെ 30 അടി ഉയരമുള്ള കൊടിമരത്തിൽ കയറ്റി വിട്ട സംഭവത്തിൽ അധികൃതരുടെ നടപടിയ്ക്കെതിരെയാണ് പരാതി.

അപകട സാധ്യതയുള്ള ഈ പണിക്ക് കുട്ടിയെ ഉപയോഗിച്ച നടപടി ഗൗരവകരമായി ഉൾക്കൊണ്ടു കൊണ്ട് ബാലാവകാശ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൻ, നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ എം എ സാദത്ത്, കൗൺസിലർ മഞ്ചത്തല സുരേഷ്, സ്വീകരണ കമ്മിറ്റി കൺവീനർ സലീംരാജ്, ഒപ്പം കൊടിമരത്തിൽ പിടിച്ചു നിന്ന മറ്റു വ്യക്തികൾ എന്നിവരുടെ പ്രേരണയാലാണ് കുട്ടി അപകടകരമായ പ്രവൃത്തി ചെയ്തിരിക്കുന്നതെന്നും വിദ്യാർത്ഥിയെ അപകട സാധ്യത മുൻനിർത്തി ഇതിൽ നിന്നും പിൻതിരിപ്പിക്കുന്നതിന് പകരം കൊടിമരത്തിൽ കയറാൻ പിന്തുണ നൽകിയ നടപടിയിലൂടെ കുട്ടിയെ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

ഒരു എം എൽ എ യുടെ സാന്നിദ്ധ്യത്തിലാണ് ഈ നടപടിയെന്നതും ഗൗരവകരമാണെന്നും പരാതിയിൽ എബി ജെ ജോസ് വ്യക്തമാക്കി. സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *