മുണ്ടക്കയം: ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി സ്വദേശികളാണ് പിടിയിലായത്.
പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട ഭാഗത്ത് പ്ലാച്ചേരിമലയില്‍ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം ഭാഗത്ത് മുരിപ്പേല്‍ വീട്ടില്‍ സജിത്ത് എം.സന്തോഷ് (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഇഞ്ചിയാനി കുരിശുംതൊടി ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറിലെത്തിയ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി വലിച്ചിഴച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് ഇരുവരും കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശക്തമായ വാഹന പരിശോധനയില്‍ ഇവരെ വാഹനവുമായി ഇടക്കുന്നം ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം സ്‌റേഷന്‍ എസ്.എച്ച്.ഒ. ത്രിദീപ് ചന്ദ്രന്‍, എസ്.ഐ വിപിന്‍ കെ.വി, സി.പി.ഒ.മാരായ ജോണ്‍സണ്‍, ബിജി വി.കെ, ജോഷി എം. തോമസ്, മഹേഷ്, റോബിന്‍ തോമസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.