കുറവിലങ്ങാട്: ദേവമാതാ കോളെജ് കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ദേവമാതാ കോളെജ് ഈ വർഷം സംഘടിപ്പിച്ച മൂന്നാമത്തെ തൊഴിൽ മേളയാണ് പ്രയുക്തി 2024.
അമ്പതിൽപരം കമ്പനികളിലായി മൂവായിരത്തോളം തൊഴിലവസരങ്ങളാണ് മേളയിൽ സജ്ജീകരിച്ചത്. പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുദംവരെ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ മേളയിൽ ലഭ്യമാക്കിയിരുന്നു.
നിരവധി ചെറുപ്പക്കാർക്ക് ഇത് പ്രയോജനപ്രദമായി.മോൻസ് ജോസഫ് എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി.മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ശശികുമാർ ഒ.എസ്.,ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ ജയശങ്കർ പ്രസാദ്, ഡി.എസ് .ഉണ്ണികൃഷ്ണൻ, ജോയ്സ് അലക്സ് തുടങ്ങിയവർ സംസാരിച്ചു. ഡോ. അനു പി.മാത്യു, ശ്രീ. ജസ്റ്റിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.