കോട്ടയം :ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്‌ട്രേറ്റിൽ നടന്നു.
നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയുമടക്കം പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ടത്തിൽ മനോഹരമാക്കാനാണ് ആലോചിച്ചത്.
മാലിന്യം വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു.
വിവിധ മത, സാമുദായിക സംഘടന പ്രതിനിധികളുമായും മാധ്യമപ്രവർത്തകരുമായും ചർച്ച നടത്തും. മാർച്ചിൽ ജില്ലയിലെല്ലായിടത്തും ഒരേദിവസം പദ്ധതി തുടങ്ങുകയാണ് ലക്ഷ്യം. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ തയാറാക്കി നൽകാൻ നഗരസഭാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികൾ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പാലാ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്,
ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, വ്യാപാരിസംഘടനകളുടെ പ്രതിനിധികളായ ജോർജ് തോമസ്, ജോസ് പോൾ, എം.കെ. സുഗതൻ, ബിപിൻ തോമസ്, എ.കെ.എൻ. പണിക്കർ, പി.എ. അബ്ദുൾ സലിം എന്നിവർ സംസാരിച്ചു.