പാലാ . അപകടത്തിൽ മൂക്കിന്റെ പാലം തകർന്ന് സാരമായ രൂപഭേദം വന്ന യുവാവിന് മാർ സ്ലീവാ മെഡിസിറ്റിയിൽ വാരിയെല്ല് കൊണ്ട് മൂക്കിന്റെ ആകൃതിയും ഉറപ്പും പുനസ്ഥാപിച്ചു. വിദേശമലയാളിയും ഏറ്റുമാനൂർ സ്വദേശിയുമായ 41കാരന്റെ മൂക്കാണ് പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗവും ഇ.എൻ.ടി വിഭാഗവും ചേർന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കിയത്.
ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായ എയർ കോമഡോർ ഡോ.പൗളിൻ ബാബുവിന്റെ നേതൃത്വത്തിൽ ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ.ലിനു തോമസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.എബിൻ കെ.ജോസ് എന്നിവർ ചേർന്നാണ് വിജയകരമായ ശസ്ത്രക്രിയ നടത്തിയത്.
ജന്മന മൂക്കിനു ചെറിയ വളവുണ്ടായിരുന്ന യുവാവിന് വിദേശത്ത് വച്ച് പടി കയറുമ്പോൾ തെന്നി വീണാണ് അപകടം ഉണ്ടായത്. മുഖം പടികളിൽ അടിക്കുകയും മൂക്കിന്റെ പാലവും ഉള്ളിലെ അസ്ഥികളും തകരുകയും ചെയ്തു. തുടർന്നു ബുദ്ധിമുട്ടു നേരിട്ടതിനെ തുടർന്നു മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടുകയായിരുന്നു.
യുവാവിന്റെ വാരിയെല്ലിന്റെ ഭാഗം എടുത്തു മൂക്കിന്റെ പാലവും ഉള്ളിലെ അസ്ഥികളും രൂപപ്പെടുത്തി റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയാണ് മൂക്ക് പൂർവ്വ നിലയിൽ എത്തിച്ചത്. മുഖസൗന്ദര്യം വീണ്ടെടുത്ത യുവാവ് ആശുപത്രിയിൽ നിന്നു മടങ്ങി വീണ്ടും വിദേശ ജോലിയിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്.





