കുവൈറ്റിൽ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് അത്യുജ്ജ്വല സ്വീകരണം നൽകി
അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആൽദോ ബറാർഡി അബ്ബാസിയ ഇടവക വികാരിയും പിതാവിൻറെ സന്ദർശനത്തിന്റെ ജനറൽ കോഡിനേറ്ററുമായ റവ. ഫാദർ സോജൻ പോളിനോടും അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് റവ ഫാദർ ജിജോ തോമസിനോടും അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ചാൻസിലർ റവ. ഫാദർ ആൻറണി ലോപ്പസിനോടും ഒപ്പം കുവൈറ്റ് ഇൻറർനാഷണൽ എയർപോർട്ടിൽ നേരിട്ട് എത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത് .
അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ബിഷപ്പ് അഭിവന്ദ്യ ആൾഡോ ബറാർ ഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ വലിയ പിതാവ് കുവൈറ്റിൽ സന്ദർശനത്തിന് എത്തിയത്.
അഭിവന്ദ്യ തട്ടിൽ പിതാവിന് ഒപ്പം സെക്രട്ടറി ഫാദർ മാത്യു തുരുത്തിപ്പള്ളി, സീറോ മലബാർ മൈഗ്രേൻസ് കമ്മീഷൻ സെക്രട്ടറി ഫാദർ ഫ്രാൻസിസ് ഇലവുത്തിങ്കൽ എന്നിവരും ഉണ്ടായിരുന്നു.
കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, എറണാകുളം, കോതമംഗലം, ഇടുക്കി ഇരിഞ്ഞാലക്കുട, തൃശ്ശൂർ , പാലക്കാട്, തലശ്ശേരി, താമരശ്ശേരി, മാനന്തവാടി, എന്നീ രൂപതകളിൽ നിന്നുള്ള രൂപത പ്രവാസി കൂട്ടായ്മകളും പ്രത്യേകം പ്രത്യേകമായി പിതാവിന് സീറോ മലബാർ സഭയുടെ തലവനും പിതാവും എന്ന നിലയിൽ തങ്ങളുടെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും കടപ്പാടിന്റെയും പ്രതീകമായി ബൊക്കെ നൽകി അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ സ്വീകരിച്ചു.
തുടർന്ന് അഭിവന്ദ്യ ആൾഡോ പിതാവ് പ്രത്യേകമായി തൻറെ വാഹനത്തിൽ തന്നെ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെ കുവൈറ്റ് കോ കത്തീഡ്രൽ ദേവാലയത്തിലേക്ക് എത്തിച്ചു. കുവൈറ്റ് ഹോളി ഫാമിലി കോക്കത്തീഡ്രൽ ദേവാലയത്തിലാണ് അഭിവന്ദ്യ റാഫേൽത്തട്ടിൽ പിതാവിനും അദ്ദേഹത്തോടൊപ്പം ഉള്ള വൈദികർക്കും ഭക്ഷണ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് അബ്ബാസിയ ഇടവകയിലും അഹമ്മദി ദേവാലയത്തിലും നാളെ സിറ്റി കോ കത്തീഡ്രൽ ദേവാലയത്തിലും സാൽമിയ ദേവാലയത്തിലും അഭിവന്ദ്യ റാഫേൽത്തട്ടിൽ പിതാവ് ഔദ്യോഗിക സന്ദർശനം നടത്തുകയാണ്
ഇന്ന് പന്ത്രണ്ടാം തീയതി വൈകിട്ട് 7:30ക്ക് അഹമ്മദി ദേവാലയത്തിൽ പിതാവിന്റെ പ്രധാന കാർമ്മികത്വത്തിൽ ദിവ്യബലിയും നാളെ പതിമൂന്നാം തീയതി വൈകിട്ട് 7 മണിക്ക് സിറ്റി കോ കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് തൻറെ സന്ദർശന വേളയിൽ വിവിധ സീറോ മലബാർ കൂട്ടായ്മകളും ആയി ചർച്ചകൾ നടത്തുന്നതാണ്.
നാളെ പതിമൂന്നാം തീയതി രാവിലെ അദ്ദേഹം കുവൈറ്റ് വത്തിക്കാൻ എംബസിയിലെത്തി വത്തിക്കാൻ അംബാസിഡർ നൂൺഷിയോ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂ ജെന്റുമായി ചർച്ചകൾ നടത്തും. തുടർന്ന് പതിനാലാം തീയതി കുവൈറ്റിൽ നിന്ന് അദ്ദേഹം ബഹറിനിലേക്ക് യാത്ര തിരിക്കും.
ഗൾഫ് മേഖലയിൽ അഭിവന്ദ്യ തട്ടിൽ പിതാവിന്റെ സന്ദർശനം സീറോ മലബാർ വിശ്വാസികൾ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. നേരത്തെ റോമിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയും ആയും ഗൾഫിലെ ബിഷപ്പുമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു
കുവൈറ്റ് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ പോൾ ചാക്കോ പായിക്കാട്ട് ,മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, റോയി ജോൺ പൂവത്തിങ്കൽ, വിനോയ് വിൽസൺ, ജേക്കബ് ആന്റണി വലിയ വീടൻ, അജു തോമസ് കുറ്റിക്കൽ, മാർട്ടിൻ ജോസ് കാഞ്ഞൂക്കാരൻ , ആൻറണി തറയിൽ, സജി ആന്റണി മൂലൻ കറുകുറ്റിക്കാരൻ, തോമസ് സെബാസ്റ്റ്യൻ കാനാവള്ളി, എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വീകരണ പരിപാടികൾ എയർപോർട്ടിൽ ഒരുക്കിയത്.