തീക്കോയി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാർഡ് തല പ്രഖ്യാപനവും പഞ്ചായത്ത് തല പ്രഖ്യാപനവും മാർച്ച് 23, 30 തീയതികളിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത്തല അവലോകന മീറ്റിംഗിൽ തീരുമാനിച്ചു.
പ്രഖ്യാപനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വാർഡ് തലങ്ങളിൽ 22ന് മെഗാ ക്ലീനിങ് സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽ കൂട്ടങ്ങൾ, ഹരിത ടൂറിസം കേന്ദ്രം, ഹരിത ടൗൺ, ഹരിത സ്ഥാപനങ്ങൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ നേരത്തെ നടന്നിരുന്നു.
വീടുകളിൽ ബയോബിന്നുകളും പൊതുസ്ഥാപനങ്ങളിൽ ജി ബിന്നുകളും നൽകുകയുണ്ടായി. സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രധാന ജംഗ്ഷനുകളിലും, ബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു വരികയാണ്.
ഹരിത കർമ്മ സേനയുടെ യൂസർഫി കളക്ഷൻ 100% ത്തോട് അടുക്കുകയാണ്. ഹരിതമിത്രം ആപ്ലിക്കേഷൻ 100% പൂർത്തീകരിച്ചു. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനുള്ള എൻഫോർസ്‌മെന്റ് പരിശോധനകൾ കർശനമാക്കി.
മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മാര്‍മല വിനോദസഞ്ചാര കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി ഹരിത ടൂറിസം കേന്ദ്രമായി ഉയർത്തിയിട്ടുണ്ട്. തീക്കോയി ടൗണിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടുകൂടി ചെടിച്ചട്ടികൾ സ്ഥാപിച്ചു വരുന്നു.
ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് വാങ്ങിയിട്ടുള്ള പിക്കപ്പ് വാഹനം പഞ്ചായത്ത് തല പ്രഖ്യാപനദിവസം ഫ്ലാഗ് ഓഫ് ചെയ്യും. മാർച്ച് 30ന് തീക്കോയി പള്ളിവാതിലിൽ നിന്ന് ശുചിത്വ സന്ദേശ റാലിയോട് കൂടി മാലിന്യമുക്ത പ്രഖ്യാപന പരിപാടികൾക്ക് തുടക്കം കുറിക്കും.

തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രഖ്യാപന സമ്മേളനം ചേരുന്നതാണ്. ശുചിത്വ പ്രതിജ്ഞ, രണ്ടു വർഷത്തെ പ്രവർത്തന അവലോകന റിപ്പോർട്ട്, മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി,
മെമ്പർമാരായ സിബി രഘുനാഥൻ, മാളു ബി മുരുകൻ, ദീപാ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി സജീഷ് എസ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഡി ജോർജ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് എ ജെ ജോർജ്, പീപ്പിൾസ് ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം,സി ഡി എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്,
സാജു പുല്ലാട്ട്, അംഗൻവാടി ജീവനക്കാർ, ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ, സ്ഥാപന മേധാവികൾ, സ്കൂൾ അധ്യാപകർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ആർജെഎസ് ബ്ലോക്ക് കോർഡിനേറ്റർ സുചിത്ര, ഹരിത കേരളം ശുചിത്വമിഷൻ ആർ പി മാരായ വിഷ്ണു, മുത്തലിഫ് തുടങ്ങിയവർ പങ്കെടുത്തു.