pala

സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി

പാലാ: സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി. ഞായറാഴ്ച രാവിലെ 11 മണിയോടെ പാലാ – ഗാന്ധിനഗർ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസിലായിരുന്നു സംഭവം.

ഗാന്ധിനഗറിൽ നിന്ന് പാലായിലേക്ക് സഞ്ചരിച്ച ആർപ്പൂക്കര സ്വദേശിയായ യുവാവാണ് കുമ്മണ്ണൂർ ഭാഗത്ത് വച്ച് അപസ്മാര ബാധിതനായി സീറ്റിൽ നിന്നു കുഴഞ്ഞു വീണത്. യാത്രക്കാരും പരിഭ്രമിച്ചു. സംഭവം കണ്ട ഉടൻ കണ്ടക്ടർ ഉണ്ണി ഡ്രൈവർ ഷാനിനെ വിവരം അറിയിച്ചു.

ബസിൻ്റെ പ്ലാറ്റ് ഫോമിൽ കിടന്ന യുവാവിനെ കണ്ടക്ടർ ഉണ്ണി മടിയിലേക്ക് എടുത്തു കിടത്തിയ ശേഷം ബസ് നേരെ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് തിരിക്കുകയായിരുന്നു. ഇടയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങേണ്ട യാത്രക്കാരും ബസ് ജീവനക്കാരുടെ നന്മ നിറഞ്ഞ പ്രവർത്തിയോട് സഹകരിച്ചു.

യുവാവിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ച ശേഷം ബസ് തിരികെ പോയി യാത്രക്കാരെ ഇറക്കി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവ് സുഖം പ്രാപിച്ചു വരുന്നു. ഡ്രൈവർ കുറവിലങ്ങാട് സ്വദേശി ഷാനിൻ്റെയും കണ്ടക്ടർ കിടങ്ങൂർ സ്വദേശി ഉണ്ണിയുടേയും നന്മ നിറഞ്ഞ പ്രവർത്തിയെ ആശുപത്രി അധികൃതരും അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *