pala

വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം ഏറ്റുവാങ്ങി

പാലാ: സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മിത ബുദ്ധിയുടെ വരും കാലഘട്ടത്തിൽ ഗുണമുള്ളത് സ്വീകരിക്കാനും ദോഷമുള്ളത് തിരസ്കരിക്കാനും കുട്ടികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അധ്യാപക സമൂഹത്തിന് കൊടുക്കുന്ന എഐ പരിശീലനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് മികച്ച രീതിയിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരത്തിന് അർഹത നേടിയ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ അവാർഡ് സമ്മാനിച്ചു.

കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, അധ്യാപകരായ അലൻ മാനുവൽ അലോഷ്യസ്, ജോസഫ് കെ വി, വിദ്യാർത്ഥി പ്രതിനിധികളായ അസിൻ നാർസിസ ബേബി, ജിസ്സാ എലിസബത്ത് ജിജോ, എസേക്കിയ ജോവൻ ഇൻസെന്റ് , ബിൻസാ മരിയ ജെന്നി എന്നിവർ ചേർന്ന് ഷീൽഡും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങി.

ഐസിടി മേഖലയിലെ സാമൂഹിക ഇടപെടൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ഓരോ യൂണിറ്റുകളും നടത്തിയ തനത് പ്രവർത്തനങ്ങൾ, മറ്റു വിദ്യാർത്ഥികൾക്ക് കൊടുത്ത പരിശീലനങ്ങൾ, സ്കൂൾ വിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ, വിക്ടേസ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, സ്കൂളിലെ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്.

അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ്, ഗ്രാഫിക് ഡിസൈനിങ്, മീ‍‍‍ഡിയ ആന്റ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു.

സമൂഹത്തിലുണ്ടാവുന്ന ഈ-മാലിന്യങ്ങളെ പറ്റിയും അവയുടെ ദൂഷ്യഫലങ്ങളെ പറ്റിയും അവ എങ്ങനെ സംസ്ക്കരിക്കണമെന്നും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ബോധവല്‍ക്കരണം നടത്തി. കുട്ടികളുടെ ഇൻറ്റർനെറ്റ് ഉപയോഗത്തില്‍ മാതാപിതാക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തികൊണ്ടിരിക്കുന്നു.

പരിസ്ഥിതിയും മീനച്ചിൽ നദിയും സംരക്ഷിക്കുന്നതിനായും സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും നേരിടുന്നതിനായ് കുട്ടികൾക്കും മാതാപിതാക്കൾക്കും പരിശീലനം കൊടുക്കുന്നതിനായും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നിരന്തരം നടത്തുന്നു.

പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക, വലിച്ചെറിയൽ മുക്ത ക്യാമ്പസ് എന്നീ പദ്ധതികളുടെ ബോധവൽക്കരണ ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നല്കുി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടസമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തിലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി.

കൈറ്റ് വഴി സ്കൂളിൽ ലഭ്യമായിരിക്കുന്ന ആർഡിനോ കിറ്റ് ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു. ആധുനിക ലോകത്തിൽ വിവിധ മേഖലകളിൽ റോബട്ടുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മൾട്ടിമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവരിച്ചു.

മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിച്ച് കേരളത്തെ വൈജ്ഞാനിക സമൂഹം ആയി മാറ്റുന്നതിനായ് സ്വതന്ത്ര വിജ്ഞാനോത്സവം നടത്തപ്പെട്ടു.

ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ഉൾപ്പെടുത്തി നടത്തിയ ദി ഗ്രേറ്റ് എഡ്യുക്കേഷണൽ ഗെയിംസ് ഏവർക്കും കൗതുകമായി. സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് നടത്തിയ എക്സിബിഷൻ മാതാപിതാക്കൾക്കും കുട്ടികൾക്കും നവ്യാനുഭവമായിരുന്നു.

പുരസ്ക്കാരം കരസ്ഥമാക്കിയ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ കൈറ്റ് കോട്ടയം ജില്ലാ കോർഡിനേറ്റർ ജയശങ്കർ കെ ബി , മാസ്റ്റർ ട്രെയിനർമാരായ അനൂപ് ജി നായർ, ശ്രീകുമാർ വി ആർ, പ്രീത ജി നായർ, സ്കൂൾ മാനേജർ ഫാ. മൈക്കിൾ ‍ചീരാംകുഴി, പ്രോ വികാർ ഫാ. എബ്രാഹം തകടിയേൽ, ഹെഡ്മിസ്ട്രസ് സി. റ്റെസ് എഫ്.സി.സി, പിറ്റിഎ പ്രസിഡന്റ് ജോസ് ചെറിയാൻ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *