പാലാ : മണ്ഡലംതല പര്യടന പരിപാടികൾ പൂർത്തീകരിച്ചതിനു ശേഷം നിയോജകമണ്ഡലത്തിലെ സ്ഥാപനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും വോട്ട് അഭ്യർത്ഥിച്ച് വോട്ടപ്രദക്ഷിണം നടത്തുകയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.
വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയപ്പോൾ ഏറെനേരം ഭക്തജനങ്ങൾക്കൊപ്പം ക്ഷേത്രാങ്കണത്തിൽ ചിലവഴിച്ചു.രാവിലെ രാമപുരം, പ്രവിത്താനം മേഖലകളിലെ സ്ഥാപനങ്ങളിലും സ്വാശ്രയ സംഘങ്ങളിലുമെത്തി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു.
അവിടെയുള്ള രണ്ട് കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.കടനാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മഹാപ്രസാദമൂട്ട് ചടങ്ങിലും സംബന്ധിച്ചു. കൊടുംമ്പിടിയിലെ സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റിയുടെ വിസിബ് സ്വാശ്രയ സംഘത്തിലെത്തി ജീവനക്കാരോടും അധ്യാപകരോടും വോട്ട് അഭ്യർത്ഥിച്ചു. അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
ഉച്ചയ്ക്കുശേഷം മൂന്ന് കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.വൈകുന്നേരം എൽഡിഎഫ് സംഘടിപ്പിച്ച ഡിജെ വിത്ത് യൂത്ത് റോഡ് ഷോയിൽ യുവജനങ്ങൾക്കൊപ്പം പങ്കെടുത്തു.തുടർന്ന് നാല് കുടുംബ സംഗമങ്ങളിൽ സംബന്ധിച്ചു. തുടർന്ന് എൽഡിഎഫ് നേതാക്കൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തു.





