കുവൈറ്റിലെ അബ്ബാസിയയിൽ നിന്ന് 35 കിലോമീറ്ററിൽ അധികം ദൂരമുള്ള ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിലേക്ക് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളെ ഉൾപ്പെടുത്തി കുവൈറ്റിലെ വിവിധ രൂപതാ പ്രവാസി അപ്പസ്തോലറ്റ്കളുടെ ആദ്യത്തെ സംയുക്ത കൂട്ടായ്മ ആയ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി.
അബ്ബാസിയ ഇടവക ദേവാലയത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച തീർത്ഥാടനം
അഹമ്മദി ദേവാലയത്തിൽ പ്രാർത്ഥനയോടെ എത്തിച്ചേർന്ന പ്പോൾ തീർത്ഥാടക സംഘത്തിനെ
അഹമ്മദി ദേവാലയ വികാരി ഫാദർ റോസ്വിൻ പൈറസ്, അസിസ്റ്റൻറ് വികാരിയും സീറോ മലബാർ ഇൻ ചാർജുമായ ഫാദർ ജിജോ തോമസും ചേർന്ന് ദേവാലയത്തിൽ സ്വീകരണം നൽകി.
പ്രാർത്ഥനാ സുശ്രൂഷകൾ നടത്തി. അനുഗ്രഹിച്ച്, ആശീർവദിച്ചു. തുടർന്ന് വിശ്വാസികൾക്ക് വെഞ്ചരിച്ച ജപമാലകൾ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ വൈദികൻ നൽകി.
തീർത്ഥാടനം വളരെ അനുഗ്രഹപ്രദവും സന്തോഷകരവും ആയിരുന്നു എന്ന് വിശ്വാസി സമൂഹം പ്രതികരിച്ചു.
വളരെ ലളിത ജീവിതം നയിക്കുന്ന ഒരു സീറോ മലബാർ വൈദികനെയാണ് അവിടെ വിശ്വാസികൾക്ക് കണ്ടുമുട്ടാൻ ആയത്.
കുവൈത്ത് പോലുള്ള അത്യുക്ഷണവും അതിശൈത്യവും ഉള്ള രാജ്യത്ത് യാത്രയ്ക്കായി എയർകണ്ടീഷൻഡ് ഫോർ വീലറുകൾ മുതലുള്ള വാഹനങ്ങൾ മാത്രം ജനങ്ങൾ ആശ്രയിക്കുമ്പോൾ കുവൈത്ത് ഓയിൽ കമ്പനി നൽകിയിരിക്കുന്ന തൻറെ താമസസ്ഥലത്തുനിന്ന് ദിവസവും തിരുകർമ്മങ്ങൾക്കായി ദേവാലയത്തിലേക്ക് സൈക്കിൾ ചവിട്ടിയെത്തുന്ന ഒരു തികഞ്ഞ മിഷണറി കപ്പൂച്ചിൻ സന്യാസി വൈദികനെ കാണുവാൻ സാധിച്ചപ്പോൾ വിശ്വാസികളിൽ അത്ഭുതമുളവാക്കി.
കാരണം കുവൈറ്റിൽ ശാരീരിക എക്സസൈസ് ആവശ്യത്തിനായി പ്രത്യേകം ക്രമീകരിച്ച സ്ഥലങ്ങളിൽ സൈക്കിൾ ചവിട്ടുന്ന വരെ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ.
തീർത്ഥാടനത്തിന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് മരീന ജോസഫ് ചിറയിൽ തെങ്ങുംപള്ളി , ജനറൽ സെക്രട്ടറി റോയ് ചെറിയാൻ കണിചേരി , ട്രഷറർ അനൂപ് ജോസ് ചേന്നാട്ട് , മറ്റ് കമ്മിറ്റി അംഗങ്ങളായ പോൾ ചാക്കോ പൈക്കാട്ട്, മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, സുനിൽ പവ്വം ചിറ, റോയ് പൂവത്തിങ്കൽ, ജോസഫ് മൈലാടും പാറ, ബെന്നി പുത്തൻ, സജി മൂലൻ കറുകുറ്റിക്കാരൻ, ബിനോയി മുട്ടുങ്കൽ, ആൻറണി തറയിൽ, ജോസഫ് പൗവം ചിറ, വിനോയ് കൂറക്കൽ , ജിൻസി ബിനോയ്, മാത്യു കൊങ്ങമലയിൽ , ബിനോജ് ജോസഫ്, ബിനോയ് കുറ്റിപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
മരുഭൂമിയാൽ ചുറ്റപ്പെട്ടതും കുവൈറ്റിലെ പ്രധാന ഓയിൽ മേഖലയാണ് അഹമ്മദി.
ആധുനിക ഗൾഫ് മേഖലയിൽ 1939 ഇൽ തിരുഹൃദയ നാമധേയത്തിലുള്ള ദേവാലയം ബഹറിനിലും തുടർന്ന് 1948 ൽ കുവൈറ്റിലെ അഹമ്മദി കേന്ദ്രീകൃതമായി പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ “ഔർ ലേഡി ഓഫ് അറേബ്യ” എന്ന പേരിൽ മറ്റൊരു ദേവാലയവും സ്ഥാപിക്കപ്പെട്ടു.
പിന്നീടാണ് യുഎഇയും ഒമാനും ഖത്തറും ഉൾപ്പെടെയുള്ള മറ്റു ഗൾഫ് മേഖലയിൽ ക്രൈസ്തവ ദേവാലയങ്ങൾ രൂപീകൃതമാകുന്നത്.
കുവൈറ്റ് അഹമ്മദിയിലെ ഒരു പഴയ പവർ പ്ലാന്റിൽ ആണ് ഒരു ചെറിയ ചാപ്പലായി പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ ദേവാലയം ആദ്യം 1948 ഡിസംബർ എട്ടിന് സ്ഥാപിക്കപ്പെട്ടത്.
തുടർന്ന് 1952 ൽ കുവൈറ്റ് ഓയിൽ കമ്പനി (KOC) അഹമ്മദി നഗരത്തിൽ ഒരു പുതിയ പള്ളി പണിയുവാൻ അനുമതി നൽകി.
പിന്നീട് പന്ത്രണ്ടാം പിയൂസ് മാർപാപ്പ ആശീർവദിച്ച് അനുഗ്രഹിച്ച തറക്കല്ല്
1955 സെപ്റ്റംബർ എട്ടാം തീയതി പുതിയ അഹമ്മദി ദേവാലയത്തിനായി സ്ഥാപിക്കപ്പെട്ടു.
1956 ഏപ്രിൽ ദൈവമാതാവിന് പുതിയ ദേവാലയം സമർപ്പിക്കപ്പെട്ടു.
കുവൈറ്റ് മണ്ണിൽ ആദ്യമായി നിർമ്മിച്ച കത്തോലിക്കാ ദേവാലയവും നോർത്തേൺ അപ്പസ്തോലിക് വികാരിയത്തിന്റെ മദർ ചർച്ചും ആയ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ 75 മത് ജൂബിലി ആഘോഷങ്ങൾ 2022 ഡിസംബർ മുതൽ 2023 ഡിസംബർ വരെ ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്നു . മധ്യപൂർവ്വ ദേശത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആഘോഷ പരിപാടികൾ പലതും വളരെ ലളിതമായി ചുരുക്കേണ്ടതായി വന്നു.
അങ്ങനെ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അഹമ്മദിയിലേക്ക് 2023 ഡിസംബറിൽ നടത്തുവാനിരുന്ന തീർത്ഥാടനം മാറ്റിവയ്ക്കപ്പെടുകയും ആയിരുന്നു.
സഭയുടെ ആദ്യ കാലഘട്ടം മുതൽ എല്ലാ കാലങ്ങളിലും കത്തോലിക്കാ വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിച്ചിരുന്നതായി സഭയുടെ ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
1949 ഡിസംബർ 17 തീയതി വത്തിക്കാനിൽ വെച്ച് പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച്, 1950 ജനുവരി ആറാം തീയതി കുവൈറ്റിൽ എത്തിച്ച പരിശുദ്ധ അറേബ്യൻ മാതാവിൻറെ തിരുസ്വരൂപമാണ് ഇന്ന് അഹമ്മദി ദേവാലയത്തിൽ അൾത്താരയ്ക്ക് മുകളിലായി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പിന്നീട് 1954ൽ അദ്ദേഹം പരിശുദ്ധ ദൈവമാതാവിന്റെ രാജ്ഞി പദവി ആഗോള സഭയിൽ ( Queenship of Mary) പ്രഖ്യാപിച്ചു.
2011ൽ പരിശുദ്ധ സിംഹാസനം ഗൾഫിലെ രണ്ട് വികാരിയത്തുകളുടെയും മധ്യസ്ഥയായി , സംരക്ഷകയായി പരിശുദ്ധ അമ്മയെ ( ഔർ ലേഡി ഓഫ് അറേബ്യ) പ്രഖ്യാപിച്ചു.
ലത്തീൻ, മറോനൈറ്റ് , ഗ്രീക്ക് കത്തോലിക്ക , കോപ്റ്റിക് കാത്തലിക് , സിറിയൻ കാത്തലിക്, അർമേനിയൻ കാത്തലിക് , സീറോ മലബാർ , സീറോ മലങ്കര എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെടുന്ന കത്തോലിക്കാ സമൂഹം ഈ ദേവാലയത്തിൽ ദിനംപ്രതി ആരാധനയ്ക്കായി എത്തിച്ചേരുന്നു.
അതുപോലെ ലോകത്തിലെ വിവിധ ഭാഷകളിൽ ഇവിടെ വിശുദ്ധ കുർബാനയും മറ്റു തിരു കർമ്മങ്ങളും നടത്തപ്പെടുന്നു.
ക്രിസ്തുമസ്, ഈസ്റ്റർ, ദുഃഖവെള്ളി പോലെയുള്ള പ്രധാന ദിവസങ്ങളിൽ ദേവാലയത്തിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിൽ അധികം വിശ്വാസികൾ എത്തിച്ചേരുന്നത് മൂലം പള്ളിക്ക് സമീപം ധാരാളം തൽക്കാലിക ടെൻ്റുകൾ തീർത്താണ് വിശ്വാസികൾക്ക് ആരാധനയ്ക്കായുള്ള സൗകര്യം ഏർപ്പെടുത്തുന്നത്.
ഇത് ഗൾഫ് മേഖലയിലെ ക്രൈസ്തവ വിശ്വാസികളുടെ ത്യാഗോജ്വലമായ വിശ്വാസത്തിൻറെ പ്രതീകമായാണ് കാണുന്നത്.
ഗൾഫ് മേഖലയിൽ വിസ്തൃതി കൊണ്ട് വളരെ ചെറിയൊരു രാജ്യമായ കുവൈറ്റിൽ അഹമ്മദി കൂടാതെ കത്തോലിക്കാ സഭയ്ക്ക് കുവൈറ്റ് സിറ്റിയിലും സാൽമ്യയിലും അബ്ബാസിയയിലും ദേവാലയങ്ങൾ ഉണ്ട്.
2021ൽ ബഹറിനിൽ പണിത പുതിയ ദേവാലയത്തിനും കത്തീഡ്രൽ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് അറേബ്യ എന്ന് നാമകരണം നൽകി.
അഭിവന്ദ്യ ബിഷപ്പ് ആൽഡോ ബറാർഡി ആണ് അപ്പസ്തോലിക വികാരിയെറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ( കുവൈത്ത്, ഖത്തർ ബഹറിൻ, സൗദി അറേബ്യ ) ഇപ്പോഴത്തെ അപ്പോസ്തോലിക വികാർ .