general

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്‌യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ കെഎസ്‌യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിന്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നവകേരള നിര്‍മ്മിതിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെ.എസ്.ഇ.ബിയും ഒരേ പോലെ കുറ്റക്കാരാണ്. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസരം നല്‍കരുതെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഈ വൈദ്യുതി ലൈന്‍ സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് കിടക്കുന്നതെന്നും ലൈന്‍കമ്പി മാറ്റുന്നതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെവ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂള്‍ മാനേജ്‌മെന്റ് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ, കെഎസ്ഇബിക്ക് വിവരം നല്‍കിയിരുന്നുവെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റും പറയുന്നുണ്ട്. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസരം നല്‍കാന്‍ പാടില്ല.

ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്തുടനീളം നിശ്ചിത ഇടവേളകളില്‍ സുരക്ഷാ പരിശോധന സ്‌കൂളുകളില്‍ നടത്തണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *