pala

പാലാ ഡിപ്പോയിലേയ്ക്ക് രണ്ട് ബസ് കിട്ടിയപ്പോൾ രണ്ട് എണ്ണം കൊണ്ടുപോയി; കോട്ടയം – തൊടുപുഴ ചെയിനിൽ കൂടുതൽ വണ്ടികൾ വേണം: പാസഞ്ചേഴ്സ് അസോസിയേഷൻ

പാലാ: ഓണക്കാലത്ത് യാത്രാ തിരക്ക് പരിഗണിച്ച് മൈസൂരിലേയ്ക്കും തിരിച്ചും സ്പെഷ്യൽ സർവ്വീസിനായി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭിച്ചപ്പോൾ ഡിപ്പോയിൽ ഉണ്ടായിരുന്ന രണ്ട് ഫാസ്റ്റ് ബസുകൾ കൊട്ടാരക്കരയ്ക്കും പുനലൂർക്കും കൊണ്ടുപോയി.

മൈസൂരിലേയ്ക്ക് നടത്തിയിരുന്ന സ്പെഷ്യൽ സർവീസുകൾ നിർത്തിയതിനെ തുടർന്ന് ഈ ബസുകൾ ആനക്കട്ടി, തിരുവമ്പാടി സർവ്വീസുകൾക്കായി മാറ്റി. പാലാ ഡിപ്പോയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സർവ്വീസ് നടത്തുന്ന കൊന്നക്കാട്, പാണത്തൂർ ദ്വീർഘ ദൂര സർവ്വീസുകൾക്ക് ഇന്നും കലപ്പഴക്കം ചെന്ന ബസുകളാണ് ഉപയോഗിക്കുന്നത്. സർവ്വീസ് മുടക്കി ഇട്ടിരിക്കുന്ന അമ്പായത്തോട് ,പഞ്ചിക്കൽ,മാനന്തവാടി, തൃശൂർ സർവ്വീസുകൾ പുനരാരംഭിക്കുവാനും നടപടിയില്ലാ.

മറ്റുഡിപ്പോകളിൽ നിന്നുള്ള ബസുകൾ പാലാ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന സർവ്വീസുകളോടൊപ്പം അതേ റൂട്ടിൽ ഒരേ സമയം കടന്നു പോകുന്നത് മിക്ക സർവീസുകളേയും ബാധിച്ചിരിക്കുകയാണ്.

രാവിലെ തിരുവനന്തപു രത്ത് 9.30 നോടു കൂടി എത്തുന്ന വിധം വെളുപ്പിന് 3.00 മണിക്ക് ആരംഭിക്കുവാൻ അനുവദിച്ച സർവ്വീസ് ഇതുവരെ ആരംഭിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല. പാലാ ഡിപ്പോയിൽ നിന്നും വെളുപ്പിന് എറണാകുളം ഭാഗത്തേയ്ക്ക് 5.40 ന് സർവ്വീസ് നടത്തി കൊണ്ടിരുന്ന ടേക്ക് ഓവർ സർവ്വീസ് മുടക്കുന്നത് സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

രാവിലെ വൈറ്റിലയിലേയ്ക്ക് പോകണമെങ്കിൽ മറ്റുഡിപ്പോകളിൽ നിന്നും ഇതുവഴി കടന്നു പോകുന്ന തിരക്കേറിയ ബസിൽ കയറി എറണാകുളം വരെ നിന്ന് യാത്ര ചെയ്യേണ്ട ഗതികേടിലാണ് പാലാ മേഖലയിലെ യാത്രക്കാർ.

7.00 മണിക്ക് തൃശൂർ ഭാഗത്തേയ്ക്ക് ഉണ്ടായിരുന്ന സർവ്വീസും പകരം ക്രമീകരണം ഇല്ലാതെ നിർത്തലാക്കിയത് യാത്രക്കാരെ ബാധിച്ചിരിക്കുകയാണ്.ഇതോടെ വൈകിട്ട് തൃശൂർ നിന്നും തിരികെ ഉണ്ടായിരുന്ന സർവ്വീസും നഷ്ടമായി.

16 ബസുകൾ സർവ്വീസ് നടത്തിയിരുന്ന കോട്ടയം – പാലാ- തൊടുപുഴ ചെയിൻ സർവ്വീസ് 12 എണ്ണമായി ചുരുക്കിയതും യാത്രക്കാർക്ക് വിനയായിരിക്കുകയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം ചൂണ്ടികാട്ടി. പഴവണ്ടി കളുടെ ഡിപ്പോ ആയി പാലായെ മാറ്റിയിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു.ഉയർന്ന കളക്ഷൻ ലഭിക്കുന്ന ദീർഘദൂര സർവ്വീസുകൾക്ക് പുതിയ ബസുകൾ ലഭ്യമാക്കുന്നതിന് അധികൃതർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ പുറത്തിറക്കിയെങ്കിലും കൂടുതൽ കളക്ഷൻ നേടിക്കൊടുക്കുന്ന പാലാ ഡിപ്പോയ്ക്ക് വേണ്ട പരിഗണന ലഭിച്ചില്ല എന്നും ആക്ഷേപമുയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *