ജോലിവാഗ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോട്ടയം സ്വദേശിനി അറസ്റ്റിൽ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വർഗീസിനെയാണ് കൊല്ലം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
കേസിൽ കൂടുതൽ പരാതികൾ ഉണ്ടെന്നും വൈകാതെ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അഞ്ചൽ പൊലീസ് അറിയിച്ചു. ജോളി വർഗീസിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നഴ്സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കൊല്ലം മണ്ണൂർ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചൽ പൊലീസ് സ്റ്റേഷനിൽ മാത്രം ജോളിക്കെതിരെ മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.