കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവഴിച്ചു പൊതുമരാമത്ത് വകുപ്പു നിർമിച്ച ഭൂഗർഭ അടിപ്പാത ഓൺലൈനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാഛാദനം ചെയ്തു അടിപ്പാത മന്ത്രി നാടിനു സമർപ്പിച്ചു. മെഡിക്കൽ കോളജിലെത്തുന്നവർക്ക് അടിപ്പാതയിൽനിന്ന് ഒപി കെട്ടിടത്തിലേക്ക് മഴനനയാതെ പ്രവേശിക്കുന്നതിനു മേൽക്കൂര നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് അടിപ്പാതയിലൂടെ സഞ്ചരിക്കുന്നതിനു ആധുനിക വീൽചെയർ സംവിധാനം സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. 5 എംഎൽഡി ശേഷിയുള്ള ദ്രവമാലിന്യ സംസ്കരണ പ്ലാന്റിനു 82 കോടി രൂപയുടെ ഭരണാനുമതി ഉടൻ ലഭിക്കും. മെഡിക്കൽ കോളജ് പ്രവേശന കവാടത്തിൽ 9.5 ലക്ഷം രൂപ ചെലവിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
മെഡിക്കൽ കോളജിൽ ഗ്യാസ് ശ്മശാനം നിർമിക്കുന്നതിന് 1.5 കോടി രൂപ അനുവദിച്ചുവെന്നും ഇതിന്റെ നിർമാണ ഉദ്ഘാടനം ഉടൻ നടക്കുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
അഞ്ചു കോടി രൂപ ചെലവഴിച്ച് ചീപ്പുങ്കൽ-മണിയാപറമ്പ് റോഡിന്റെ ടാറിങ് ഉടൻ ആരംഭിക്കുമെന്നും ഏറ്റുമാനൂർ സിവിൽ സ്റ്റേഷന്റെ നിർമാണ ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായി. ജില്ലാ കലക്ടർ ജോൺ വി.സാമുവൽ, ആർപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപ്പഞ്ചായത്തംഗം അരുൺ കെ.ഫിലിപ്,
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി.പുന്നൂസ്, സൂപ്രണ്ട് ടി.കെ.ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി.ജയപ്രകാശ്, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ എന്നിവർ പ്രസംഗിച്ചു.